മാനന്തവാടി: ജില്ലയിൽ ആധാരങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിൽ സബ് രജിസ്ട്രാർ ഇല്ലാതായിട്ട് മാസങ്ങളായി. നിലവിലുള്ള സബ് രജിസ്ട്രാർ അവധിയിലാണ്. 2019 ജനുവരി മുതൽ ഹെഡ് ക്ലർക്കാണ് സബ് രജിസ്ട്രാറുടെ ചുമതല വഹിക്കുന്നത്. ഇദ്ദേഹം ഈ മാസം വിരമിക്കും. മാർച്ച് മാസം ആയതിനാൽ ആധാരങ്ങൾ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി കരാർ പത്രികകൾ, കുടിക്കടങ്ങളുടെ കോപ്പി അപേക്ഷകൾ തുടങ്ങിയവ നിരവധിയുണ്ട്. അറുപതോളം ആധാരം എഴുത്ത് ലൈസൻസികളുടെ ക്ഷേമനിധി കാര്യങ്ങളും നോക്കണം.

ഇവിടെ ഉണ്ടായിരുന്ന യു.ഡി. ക്ലാർക്ക് പ്രമോഷനായി സ്ഥലം മാറിപോയതിനാൽ പ്രതിസന്ധി വർധിച്ചു. നിലവിലുള്ള ഹെഡ് ക്ലാർക്ക് തന്നെ വേണം ഹെഡ് ക്ലർക്കിന്റെ ജോലികൾക്കു പുറമെ സബ് രജിസ്ട്രാറുടെ ചുമതലകളും നിറവേറ്റാൻ. ഇതുകാരണം ഓഫീസ് പ്രവർത്തനം താറുമാറായിരിക്കുകയാണ്.

മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിൽ സബ് രജിട്രാറെ ഉടൻ നിയമിക്കണമെന്ന് ഓൾ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് അസോസിയേഷൻ മാനന്തവാടി യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എ.വിപിൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.രഘുനാഥ്, പി.പരമേശ്വരൻ, എ.ആർ.പ്രദോഷ്, ടി.പി.കുഞ്ഞനന്തൻ, വത്സ കളത്തിൽ, എം.മണിമാല തുടങ്ങിയവർ സംസാരിച്ചു.