കോഴിക്കോട് : സർക്കാർ ഓഫീസുകളിലെ ഹരിതചട്ടപാലനം പരിശോധിക്കുന്നതിനുള്ള ഹരിത ഓഡിറ്റും അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാതല പരിശീലനം നൽകി.
എല്ലാ സർക്കാർ ഓഫീസുകളിലേയും ഹരിതചട്ട പ്രവർത്തനങ്ങൾ പരിശശോധനയിലൂടെ വിലയിരുത്തി ന്യൂനതകൾ പരിഹരിക്കുന്നതിനും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തിയ ഓഫീസുകൾക്ക് ഗ്രേഡ് നൽകി 'ഹരിത ഓഫീസ്' സാക്ഷ്യ പത്രവും അനുകരണീയ മാതൃക സൃഷ്ടിച്ചവയ്ക്ക് അവാർഡ് നൽകുകയുമാണ് ലക്ഷ്യം. ഇതിനായി സംസ്ഥാനതലം മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനതലം വരെ ജില്ല, ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് തലങ്ങളിലായി പരിശോധന സംഘത്തെ രൂപീകരിച്ചാണ് വിലയിരുത്തൽ നടത്തുക. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പരിശോധന നടത്തുകയും ഓഫീസുകൾക്കും വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഗ്രേഡ് നിശ്ചയിച്ചു നൽകുകയും ചെയ്യും. പരിശോധയിൽ 90 മുതൽ 100 വരെ മാർക്ക് നേടുന്ന ഓഫീസുകൾക്ക് എ ഗ്രേഡും 80 മുതൽ89 വരെ മാർക്കിന് ബി ഗ്രേഡും 70 മുതൽ79 വരെ മാർക്കിന് സി ഗ്രേഡുമാണ് നൽകുന്നത്. 70 ൽ താഴെ മാർക്ക് വാങ്ങുന്ന ഓഫീസുകൾക്ക് ഗ്രേഡ് നൽകില്ല. പകരം ഒരു മാസത്തെ സമയപരിധി നൽകി പുന:പരിശോധന നടത്തും.
ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, പഞ്ചായത്ത് അസി.സെക്രട്ടറിമാർ, മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഹരിതസഹായ സ്ഥാപന പ്രതിനിധികൾ, ഹരിതകേരളം മിഷൻ ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. ഇതിന്റെ ഭാഗമായി വിവിധ ടീമുകളായി സിവിൽ സ്റ്റേഷനിലെ 16 ഓഫീസുകളിലെ സാമ്പിൾ പരിശോധന നടത്തി.
ഓഫീസുകളിലെ ഹരിതചട്ടപാലനം സംബന്ധിച്ച് ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ് വിഷയാവതരണം നടത്തി. ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ ഷിബിൻ.കെ, രാജേഷ് എ എന്നിവർ ഹരിത ഓഡിറ്റ് മാർഗരേഖ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ പരിചയപ്പെടുത്തി. സാമ്പിൾ ഓഡിറ്റ് അവലോകനവും തദ്ദേശഭരണ സ്ഥാപനതല ഓഡിറ്റ് ആസൂത്രണവും നടന്നു. ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ സി.കബനി, അസിസ്റ്റന്റ് കോർഡിനേറ്റർ നാസർ ബാബു തുടങ്ങിയവർ സംസാരിച്ചു.