കോഴിക്കോട്: വെസ്റ്റ് കൊടിയത്തൂരിലെ കോഴി ഫാമിൽ പക്ഷിപ്പനിയെത്തിയത് ദേശാടന പക്ഷികൾ മുഖേന തന്നെയാവാമെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ച ശേഷം മാത്രമേ അന്തിമനിഗമത്തിലെത്താനാവൂ എന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യുണിക്കബിൾ ഡിസീസസ് അഡ്വൈസർ ഡോ.ഷൗക്കത്തലി വ്യക്തമാക്കി.

കേന്ദ്രസംഘം ആദ്യം എത്തിയത് കൊടിയത്തൂരിലാണ്, സ്ഥലത്തെ വെറ്ററിനറി ഡോക്ടറുമായി ആശയമിനിമയം നടത്തിയ ശേഷം കോഴി ഫാം സന്ദർശിച്ചു. ഉടമയിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞതിനു പുറമെ പരിസരപ്രദേശങ്ങളും നിരീക്ഷിച്ചു. ഫാമിനടുത്ത് വെള്ളക്കെട്ടും തോടുമുണ്ട്. ഇത് സംബന്ധിച്ച് പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വെള്ളം കുടിക്കാൻ തോട്ടിലും വെള്ളക്കെട്ടിലും പല തരത്തിലുള്ള പക്ഷികളും കൊക്കുകളും പരിസരവാസികൾ പറഞ്ഞു. തുടർന്നാണ് രോഗബാധ ദേശാടനപ്പക്ഷികൾ വഴിയാവാമെന്ന നിഗമനത്തിൽ സംഘം എത്തിച്ചേർന്നത്.

പക്ഷിപ്പനി സ്ഥിരീകരിച്ച ഉടൻ ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും ജില്ലാ ഭരണകൂടവും സ്വീകരിച്ച നടപടികളിൽ കേന്ദ്ര സംഘം പൂർണതൃപ്തി രേഖപ്പെടുത്തി. ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുപക്ഷികളെ കൊല്ലാനും പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ഏർപ്പെടുത്താനുള്ള തീരുമാനം സമയോചിതമായി. കോഴിഫാമിന്റെ പരിസരത്തെ താമസക്കാരിൽ ആരോഗ്യ സർവേ നടത്താനുള്ള തീരുമാനവും പ്രശംസനീയമാണ്. പരിസരവാസികളിൽ പ്രത്യേക തരത്തിലുള്ള പനിയോ മറ്റു അസുഖമോ ഉണ്ടെങ്കിൽ കണ്ടെത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിച്ചത്.

വവ്വാലുകൾ കൂട്ടത്തോടെ ചത്ത് വീണ കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലും കേന്ദ്ര സംഘം പരിശോധനയ്ക്കെത്തി. ചത്തു വീണ വവ്വാലുകൾക്കക്ക് പരിക്ക് ഉണ്ടായിരുന്നു. മരണകാരണം മറ്റു ഏതെങ്കിലും ജീവിയുടെ ആക്രമണം മൂലമാകാമെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ.

നഗരത്തിൽ പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരിയിൽ കേന്ദ്രസംഘം ഇന്ന് പരിശോധനയ്ക്കെത്തും.