രാമനാട്ടുകര: ജില്ലാ അതിർത്തിയിലെ വൈദ്യരങ്ങാടി - രാമനാട്ടുകര ഹൈസ്‌കൂൾ റോഡിന്റെ ശോചനീയാവസ്ഥ തീർക്കാൻ ഒടുവിൽ അറ്റകുറ്റപ്പണി തുടങ്ങി.
റോഡ് എത്രയും പെട്ടെന്ന് നന്നാക്കിക്കിട്ടാൻ നാട്ടുകാർ സമരത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു. വൈകാതെ ഇന്നലെ റോഡ് പണിയ്ക്ക് തുടക്കമിട്ടു.
റോഡ് പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്രയ്ക്കു പോലും പറ്റാത്ത പരുവത്തിലായിരുന്നു. രാമനാട്ടുകര നഗരസഭയിലെ 12,13 ഡിവിഷനിലൂടെ പോകുന്ന റോഡിന് 851 മീറ്റർ നീളമേയുള്ളൂ. വീതി 4.7 മീറ്ററും. അടുത്തിടെ വാട്ടർ അതോറിറ്റിയുടെ ചീക്കോട് പദ്ധതിയ്ക്ക് പൈപ്പിടുന്നതിനായി ചാലുകൾ കീറിയതോടെയാണ് പ്രശ്നം സങ്കീർണമായത്. രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള പ്രധാന റോഡാണെന്നിരിക്കെ ദിവസവും ആയിരത്തോളം വിദ്യാർത്ഥികളെങ്കിലും ഉപയോഗിക്കുന്നുണ്ട് ഈ വഴി.
റോഡിന്റെ കുറച്ചുഭാഗം മാത്രമാണ് കോഴിക്കോട് ജില്ലയിൽ. ബാക്കി മലപ്പുറം ജില്ലയുടെ പരിധിയിലാണ്. ആ ഭാഗത്ത് എം.എൽ. എ ഫണ്ട് ഉപയോഗിച്ച് പണി നടക്കുന്നുണ്ട്.
ഈയിടെ ഈ റോഡിന്റെ അറ്റകുറ്റപ്പണിയ്ക്ക് അധികൃതർ കരാറുകാരെ ഏല്പിച്ചതാണ്. എന്നാൽ പണിയിലെ പൊള്ളത്തരം ചോദ്യം ചെയ്യപ്പെട്ടതോടെ അധികൃതർ പണി നിറുത്തിവെപ്പിച്ചു. മാർച്ച് തീരുമ്പോഴേക്കും ഫണ്ട് ലാപ്സാവുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ.