-സുപ്രീംകോടതി വിധി പൂർണമായി പാലിച്ചില്ല
-അർഹതപ്പെട്ടത് 640 കുടുംബങ്ങൾ
-മിക്കവർക്കും ഭൂമിയും കൈവശരേഖയും കിട്ടിയില്ല
-സ്ഥലം കൈപ്പറ്റാത്തതിന് കാരണം കാണിച്ച് നോട്ടീസ്

സുൽത്താൻ ബത്തേരി: ഗോത്ര വിഭാഗം കുടുംബങ്ങൾക്ക് നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമി നൽകണമെന്ന സുപ്രീംകോടതി വിധി പൂർണമായി പാലിക്കപ്പെട്ടില്ല. ജില്ലയിലെ 640 ഗോത്ര കുടുംബങ്ങൾക്കാണ് ഒരു ഏക്കർ വീതം ഭൂമി നൽകണമെന്ന വിധി ഇതുവരെ നടപ്പിലാകാതെ കിടക്കുന്നത്.

അതേസമയം സ്ഥലം എന്തുകൊണ്ട് കൈപ്പറ്റിയില്ല എന്നതിന് കാരണം കാണിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസാണ് ഭൂമിയോ കൈവശരേഖയോ ലഭിക്കാത്ത കുടുംബങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഭൂമി കണ്ടെത്തിയിരുന്നു. കണ്ടെത്തിയ ഭൂമി ഉടമകളെ കാണിച്ച് അവർക്ക് വാസയോഗ്യമായ സ്ഥലമാണോ എന്ന് ഉറപ്പ് വരുത്തുകയോ ഒരോരുത്തർക്കും ലഭിച്ച സ്ഥലം ഏതാണെന്ന് കാണിച്ചുകൊടുക്കുകയോ ചെയ്തിട്ടില്ല. അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി ലഭിച്ചില്ലെന്ന പരാതിയുമായി കഴിഞ്ഞിരുന്ന ഗോത്ര വിഭാഗക്കാർക്കാണ് സ്ഥലം കൈപ്പറ്റാത്തതിന് കാരണം കാണിക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് എത്തിയപ്പോഴാണ് തങ്ങളുടെ പേരിൽ ജില്ലയിലെവിടെയോ ഭൂമി അനുവദിച്ച് കിടപ്പുണ്ടെന്ന വിവരം ഇവർ അറിയുന്നത്.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാനുള്ള 1975-ലെ നിയമപ്രകാരമാണ് സുപ്രീകോടതി 2009- ൽ ഭൂമിക്ക് പകരം ഭുമി നൽകാൻ വിധി പുറപ്പെടുവിച്ചത്. 2011-ൽ അന്നത്തെ സംസ്ഥാന സർക്കാർ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 640 കുടുംബങ്ങളാണ് ഒരു ഏക്കർ വീതം ഭൂമിക്ക് അർഹരായി കണ്ടെത്തിയത്. ബത്തേരി താലൂക്കിൽ 307, മാനന്തവാടിയിൽ 133, വൈത്തിരിയിൽ 218 -കുടുംബങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയത്.

ബത്തേരി താലൂക്കിൽ കണ്ടെത്തിയ 307 കുടുംബങ്ങളിൽ 67 കുടുംബങ്ങൾ തീരെ ഭൂമി ഇല്ലാത്തവരും 240 പേർ ഒരു ഏക്കറിന് താഴെ മാത്രം ഭൂമി ഉള്ളവരുമാണ്. വൈത്തിരിയിൽ തീരെ ഭൂമി ഇല്ലാത്തത് 103 കുടുംബങ്ങളും ഒരു ഏക്കറിന് താഴെ മാത്രം ഭൂമിയുള്ളത് 115 കുടുംബങ്ങളുമാണ്. മാനന്തവാടിയിൽ തീരെ ഭുമിയില്ലാത്തവർ 60- ഉം നാമമാത്ര ഭൂമിയുള്ളവർ 73 കുടുംബങ്ങളുമാണ്. ഇവർക്കാണ് മൂന്ന് താലൂക്കുകളിലെ വിവിധ വില്ലേജുകളിലായി ഭൂമി കണ്ടെത്തിയത്.
640 പേർക്ക് ഭൂമി കണ്ടെത്തിയെന്ന് പറയുമ്പോഴും ഇതിൽ നാമമാത്രമായവർക്ക് മാത്രമെ ഭൂമിയുടെ കൈവശരേഖ 2011-ൽ നൽകിയിട്ടുള്ളു. എന്നാൽ കൈവശ രേഖ ലഭിച്ച പലർക്കും എവിടെയാണ് ഭൂമിയെന്ന് ഇതുവരെ കാണിച്ചുകൊടുത്തിട്ടില്ല. പദ്ധതിയിൽ ഉൾപ്പെട്ട ഭൂരിപക്ഷം പേർക്കും കൈവശരേഖയോ ഭൂമിയോ ലഭിച്ചിട്ടില്ല. ജില്ലാ ലാന്റ് റവന്യു സ്‌പെഷ്യൽ ഡെപ്യുട്ടി കലക്ടർ ഭൂമി എന്ത്‌കൊണ്ട് കൈപ്പറ്റിയില്ലെന്നതിന് കാരണം കാണിക്കാൻ നോട്ടീസ് അയച്ചിരിക്കുകയാണ്.
പദ്ധതി പ്രകാരം അനുവദിച്ച ഭൂമി കാണിച്ചുതരണമെന്നാവശ്യപ്പെട്ട് വടച്ചിറ സ്വദേശി പ്രീത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.