മാസ്‌കുകൾക്ക് അമിത വില ഈടാക്കിയാൽ നടപടി

കൽപ്പറ്റ: കൊറോണ വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയ്യെടുക്കണമെന്ന് ജില്ലാ വികസന സമിതി നിർദ്ദേശം നൽകി. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക വികസന സമിതി യോഗത്തിലാണ് നിർദ്ദേശം. ഉത്സവങ്ങൾ പോലുളള ചടങ്ങുകൾ ലളിതമായി നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ ഇടപെടണം. നിരീക്ഷണത്തിൽ കഴിയുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തരുതെന്നും വികസന സമിതി നിർദ്ദേശിച്ചു.

കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ നിർബന്ധമായും ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ച കാലയളവ് നിരീക്ഷണത്തിൽ കഴിയേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ വിവരം മറച്ചുവെക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയവരെ സംബന്ധിച്ചുളള വിവരങ്ങൾ 112 എന്ന നമ്പറിലോ spwynd.pol@kerala.gov.in ഇമെയിൽ വിലാസത്തിലോ അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ അറിയിച്ചു. വിദേശ സഞ്ചാരികളെ കുറിച്ച് വിവരങ്ങൾ കൈമാറാതിരുന്ന റിസോർട്ടിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വാണിജ്യ സ്ഥാപനങ്ങൾ മാസ്‌കുകൾക്കും സാനിറ്റൈസർ ഉൽപ്പന്നങ്ങൾക്കും അമിത വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കും. മാസ്‌ക്കുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കോട്ടൺ മാസ്‌ക്കുകൾ തയ്യാറാക്കി വിതരണം നടത്താൻ കുടുംബശ്രീയുടെ സഹകരണം തേടും.
തിരുനെല്ലി പഞ്ചായത്തിൽ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ കുരങ്ങിന്റെ ജഡം പോസ്റ്റ്‌മോർട്ടം നടത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സിസി ഫിലിപ്പ് അറിയിച്ചു. കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ പോസ്റ്റമോർട്ടമാണിത്. അവയവങ്ങൾ പൂനെ നാഷണൽ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയയ്ക്കും. ഒരാഴ്ച്ചയ്ക്കം ഫലം ലഭ്യമാകുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വൈസ് പ്രസിഡന്റ് എ,പ്രഭാകരൻ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക തുടങ്ങിയവർ പങ്കെടുത്തു.