കൽപ്പറ്റ: കൊറോണ വൈറസ് ബാധിത പ്രദേശത്ത് നിന്നെത്തിയ 5 പേർ കൂടി ജില്ലയിൽ നിരീക്ഷണത്തിലായി. 35 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 34 പേർ വീടുകളിലും ഒരാൾ ആശുപത്രിയിലുമാണുള്ളത്. മൂന്ന് പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നേരത്തെ പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 9 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്.
കോച്ചിംഗ് സ്ഥാപനങ്ങൾ
പ്രവർത്തിപ്പിക്കരുത്
കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ജില്ലയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ (പി.എസ്.സി,എൻട്രൻസ് കോച്ചിംഗ്, പ്രൈവറ്റ് സ്‌കൂളുകൾ തുടങ്ങിയവ) പ്രവർത്തിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത് ശിക്ഷാർഹമാണ്. വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലാതല ഇന്റർ ഏജൻസി ഗ്രൂപ്പ് യോഗം
കൽപ്പറ്റ: കൊറോണ വൈറസ്, കുരങ്ങ്പനി, പക്ഷിപനി പ്രതിരോധവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ജില്ലയിലെ ജില്ലാതല ഇന്റർ ഏജൻസി (ഐ.എ.ജി) അംഗങ്ങൾ, ദൃശ്യ മാധ്യമ പ്രവർത്തകർ,സന്നദ്ധ സംഘടനകൾ എന്നിവരുടെ അടിയന്തര യോഗം ഇന്ന് ഉച്ചയ്ക്ക് 2 ന് കളക്‌ട്രേറ്റിൽ ചേരും. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ അറിയിച്ചു. ഫോൺ. 9745040138.
കാരാപ്പുഴ പാർക്കിൽ
പ്രവേശനം നിർത്തി
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി കാരാപ്പുഴ മെഗാടൂറിസം പാർക്കിൽ 12 മുതൽ താൽകാലികമായി പ്രവേശനം നിർത്തിവെച്ചു. പുനരാരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും.
ബയോമെട്രിക് സേവനങ്ങൾ
നിർത്തി
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അക്ഷയ കേന്ദ്രങ്ങളിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് നടത്തിവരുന്ന ആധാർ, ബാങ്കിംഗ് കിയോസ്‌ക്, ജീവൻ പ്രമാൺ തുടങ്ങിയ സേവനങ്ങൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിറുത്തിവെച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.