മുക്കം: കൊറോണബാധിത രാഷ്ട്രങ്ങളിൽ നിന്ന് എത്തിയ 27 പേർ മുക്കത്ത് നിരീക്ഷണത്തിലാണെന്നിരിക്കെ ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ സമൂഹത്തിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് സ്വമേധയാ മെഡിക്കൽ കോളേജ്/ബീച്ച് ആശുപത്രികളിൽ എത്തണമെന്ന് മുക്കം നഗരസഭയും ആരോഗ്യ വകുപ്പും അറിയിച്ചു.

രോഗബാധിതപ്രദേശങ്ങളിൽ നിന്ന് വരുന്നവർ 28 ദിവസം വീടിനുള്ളിൽ തന്നെ കഴിയണം. പതിനാലു ദിവസം വരെ അവരുപയോഗിച്ച വസ്ത്രങ്ങളോ മാസ്‌കോ ആരും സ്പർശിക്കാതെ ശ്രദ്ധിക്കണം. അവർ താമസിക്കുന്ന മുറിയുടെ ജനാലകൾ തുറന്നിടുകയും വാതിൽ അടച്ചിടുകയും ചെയ്യണം.

ഇ എം.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജാഗ്രത കോൺഫറൻസി ലാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ ഉയർന്നതും തീരുമാനമുണ്ടായതും. നഗരസഭ ചെയർമാൻ വി.കുഞ്ഞൻ്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. ജില്ല മാസ് മീഡിയ ഓഫീസർ മണി, സി എച്ച്സി മെഡിക്കൽ ഓഫീസർ ഡോ കെ മോഹൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ മധുസൂദനൻ, ജയപ്രകാശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ടി ശ്രീധരൻ, വി.ലീല, പി.പ്രശോഭ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

കാരശേരി പഞ്ചായത്തിലും പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിർദ്ദേശങ്ങൾ അനുസരിക്കാത്തവരെ പൊലീസ് സഹായത്തോടെ ആശുപത്രികളിൽ എത്തിക്കേണ്ടി വരുമെന്ന് പ്രസിഡന്റ് വി കെ വിനോദ് മുന്നറിയിപ്പു നൽകി.