മുക്കം: കൊറോണ വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത തുടരുന്നതിനിടെ പക്ഷിപ്പനി ഭീഷണി കൂടി ഉയർന്നതോടെ ജനങ്ങൾ പുറത്തിറങ്ങുന്നത് അത്യാവശ്യകാര്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കെ മലയോരത്തെ വാണിജ്യ വ്യാപാര മേഖലയിൽ ഏതാണ്ട് സ്തംഭനാവസ്ഥ.
വെസ്റ്റ് കൊടിയത്തൂരിലെ കോഴിഫാമിൽ കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പക്ഷിപ്പനി സ്ഥീരീകരിച്ച ശനിയാഴ്ച മുതലാണ് കോഴിക്കടകളും ഇറച്ചിക്കടകളും കോഴിമുട്ട വില്പന നടത്തുന്ന സ്ഥാപനങ്ങളും അടച്ചിടേണ്ടി വന്നത്. മുക്കം നഗരസഭയിലും കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലും കോഴിവിഭവങ്ങളുണ്ടാക്കുന്ന ഹോട്ടലുകൾ അടച്ചിട്ടിരിക്കയാണ്. കോഴി വിഭവങ്ങളില്ലാത്ത ഹോട്ടലുകൾക്കും കച്ചവടമില്ലെന്ന സ്ഥിതിയാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ സ്ഥാപനങ്ങളിലെ തൊഴിലാളികൾ ബഹുഭൂരിപക്ഷവും. സ്ഥാപനങ്ങൾ പൂട്ടിയതോടെ ഇവരും ദുരിതത്തിലായി.
പക്ഷിപ്പനിയിൽ ആശങ്ക ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും പറയുമ്പോഴും ജനങ്ങൾ അങ്കലാപ്പിൽ തന്നെയാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കടകൾ അടപ്പിക്കുകയും, കോഴി, കാട എന്നിവ ഭക്ഷണമാക്കുന്നതിൽ നിന്ന് പൊതുജനം പിന്തിരിയുകയും ചെയ്തതോടെ മാട്ടിറച്ചിയ്ക്ക് വില വർദ്ധിക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. എന്നാൽ, മാട്ടിറച്ചിയുടെ വില വർദ്ധിപ്പിക്കില്ലെന്ന് വില്പനക്കാരുടെ സംഘടനാ നേതാക്കൾ വ്യക്തമാക്കി. ഇപ്പോൾ കിലോയ്ക്ക് 280 രൂപയാണ് മാട്ടിറച്ചിയുടെ വില. ഇത് ഒരു കാരണവശാലും വർദ്ധിപ്പിക്കില്ലെന്ന് മീറ്റ് മർച്ചൻറ്സ് അസോസിയേഷൻ തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് കെ. സുന്ദരൻ പറഞ്ഞു.