കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാൻ അതീവജാഗ്രത തുടരുന്നതിനിടെ ജില്ലയിൽ പുതുതായി 168 പേർ കൂടി നിരീക്ഷണത്തിലായി.

ഐസൊലേഷൻ വാർഡിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറു പേരും ബീച്ച് ആശുപത്രിയിൽ അഞ്ച് പേരുമായി ആകെ 11 പേർ ചികിത്സയിലാണ്. ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ആറു പേരെയും ബീച്ച് ആശുപത്രിയിൽ നിന്ന് മൂന്നു പേരെയും ഡിസ്ചാർജ്ജ് ചെയ്തു. ഇപ്പോൾ ആകെ 315 പേർ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു.

പുതുതായി അഞ്ച് സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 61 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 50 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചതിൽ എല്ലാം നെഗറ്റിവ് ആണ്. ഇനി 11 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്. മാനസിക സംഘർഷം കുറയ്ക്കാൻ മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ ഒരാൾക്ക് കൗൺസലിംഗ് നടത്തി.

ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെ യോഗം ചേർന്ന് ജില്ലയിൽ ബ്ലോക്ക് തലത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും ജാഗ്രതാ കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു.

പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും മെഡിക്കൽ ഓഫീസർ കൺവീനറുമായുളള കമ്മിറ്റിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആയൂർവേദ, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ അംഗങ്ങളായിരിക്കും. വാർഡ് തലത്തിൽ ജാഗ്രതാ കമ്മിറ്റിയിൽ വാർഡ് മെമ്പർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ, ആശാ, അങ്കണവാടി വർക്കർ, ആരോഗ്യസേന പ്രതിനിധി, കുടുംബശ്രീ പ്രതിനിധി തുടങ്ങിയവർ അംഗങ്ങളായിരിക്കും.

ജില്ലയിലെ ഡെന്റൽ സർജൻമാരുടെ അവലോകന യോഗത്തിൽ കൊറോണ ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തതായും ഡി.എം.ഒ അറിയിച്ചു.

50 സ്രവ സാമ്പിൾ

പരിശോധനാഫലം

വന്നതിൽ

മുഴുവൻ നെഗറ്റിവ്

വരാനുള്ളത്

11 പേരുടെ

പരിശോധനാഫലം