കുന്ദമംഗലം: നിനച്ചിരിക്കാതെ സ്‌കൂളടച്ചപ്പോൾ കളർവർഷം ചൊരിഞ്ഞുള്ള കൊട്ടിക്കലാശം വഴിമാറിയതിന്റെ സങ്കടം കുറച്ചൊന്നുമല്ല മിക്കയിടത്തെയും വിദ്യാർത്ഥികൾക്ക്. അതേസമയം, പൊല്ലാപ്പുകളുടെ ആ ദിവസം ഇത്തവണ ഒഴിഞ്ഞുപോയതിന്റെ ആശ്വാസത്തിലാണ് അദ്ധ്യാപകർ.
മദ്ധ്യവേനലവധിയ്ക്ക് വിദ്യാലയങ്ങൾ അടക്കുന്ന ദിവസം വന്നെത്തുമ്പോൾ പൊതുവെ പ്രധാനാദ്ധ്യാപകർക്കും മറ്റുള്ളവർക്കും തീരാത്ത ആധിയായിരിക്കും. കലാശക്കൊട്ട് കൊഴുപ്പിക്കാൻ കൂട്ടിക്കൂട്ടം തീർക്കുന്ന കോപ്രായങ്ങൾ പലപ്പോഴും അതിരു കവിഞ്ഞ് പോകാറുണ്ടെന്നതു തന്നെ കാരണം. പരസ്പരം കളർ വാരിപ്പൂശുകയെന്നതാണ് എല്ലായിടത്തെയും പ്രധാന ഇനം. ഒന്നാം ക്ലാസിലെ കുട്ടികൾ പോലും ഒഴിവാവുന്നില്ല. അവസാനദിവസം വീട്ടിലേക്ക് വരുന്നത് ചായത്തിൽ കുളിച്ചായിരിക്കും.
കുസൃതിയുടെയും കുറുമ്പിന്റെയും തലം വിട്ടുള്ള കളികൾ അരങ്ങേറുന്നിടത്താണ് അദ്ധ്യാപകർക്ക് കൂടുതൽ തലവേദന. കുട്ടികൾ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് ഒരു നിശ്ചയവുമുണ്ടാവില്ല. ചിലർ സ്‌കൂളിലെ എന്തെങ്കിലും കനപ്പെട്ട സാധനം നശിപ്പിച്ചായിരിക്കും സ്ഥലം വിടുക.
കളർവർഷം ചൊരിയുന്നതിനു പുറമെ പടക്കം പൊട്ടിക്കൽ ഏതാണ്ട് എല്ലായിടത്തുമുണ്ട്. അവസാനനാളിൽ പഴയ കണക്ക് തീർക്കുന്നതും കൂട്ടത്തല്ല് നടക്കുന്നതും അപൂർവമല്ല.
കൈയാങ്കളി ഉറപ്പായ സ്‌കൂളുകളിൽ അവസാനദിവസം രക്ഷിതാക്കളോടു കൂടി വരാൻ അഭ്യർത്ഥിക്കാറുണ്ട്. കൂട്ടത്തോടെ രക്ഷിതാക്കൾ എത്തുന്നിടത്ത് ആഘോഷം പൊതുവെ നിയന്ത്രണാധീനമായിരിക്കും.
കൊറോണയ്ക്കെതിരെയുള്ള ജാഗ്രതയുടെ പേരിലാണെങ്കിലും എല്ലാം ഒറ്റയടിക്ക് ഒഴിവായല്ലോ എന്ന് നെടുവീർപ്പിടുകയാണ് അദ്ധ്യാപകർ.
പക്ഷേ, സ്കൂൾ പരിസരങ്ങളിലെ കച്ചവടക്കാരുടെ കണക്കുകൂട്ടൽ തെറ്റി. ആയിരങ്ങളുടെ കച്ചവടമാണ് വർഷവസാനം നടക്കാറുള്ളത്. കളർപൊടികളുടെ വില്പന മാത്രമല്ല, ഒരേ കളർ ഷർട്ടുകൾ... തലേക്കെട്ടുകൾ... വിസിലുകൾ... അങ്ങനെ എന്തെല്ലാം. എല്ലാം തുലഞ്ഞുപോയില്ലേ.