mali


കോഴിക്കോട്: കോർപ്പറേഷൻ പരിധിയിലെ പയ്യാനക്കൽ പ്രദേശത്തെ പടന്നവളപ്പ്, പട്ടർതൊടി
തോടുകളിലെ മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ പന്നിയങ്കര പത്താം സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ പി.സുബൈറിനെ തടഞ്ഞുവച്ചു. പൊലീസ് സംഘം സ്ഥലത്തെത്തിയതിനു പിറകെ, മാലിന്യം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന്‌ രേഖാമൂലം ഉറപ്പ് ലഭിച്ചതോടെയാണ് ഉപരോധസമരം അവസാനിപ്പിച്ചത്.
മാലിന്യം നീക്കം ചെയ്യാത്തത് കാരണം പടന്നവളപ്പ്, പട്ടർതൊടി തോടുകളിലെ ഒഴുക്ക് നിലച്ച് അസഹ്യമായ ദുർഗന്ധമാണ് പരിസരമാകെ. കൊതുകുകൾ പെറ്റുപെരുകാനും തുടങ്ങിയിട്ടുണ്ട്. പകർച്ചവ്യാധി ഭീഷണിയിലാണ് ഇവിടം.

മഴ ശക്തമാവുമ്പോൾ തോടിന്റെ സമീപത്തെ വീടുകളിലേക്ക് വെള്ളം ഒഴുകുന്നത് പതിവാണ്. നാലു വർഷത്തിനിടയിൽ പല തവണ ഡിവിഷൻ കൗൺസിലർക്കെന്ന പോലെ കോർപ്പറേഷൻ മേയർക്കും ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാനും മറ്റും പരാതി നൽകിയതാണ്.

കഴിഞ്ഞ ഡിസംബർ 28ന് കൗൺസിലർ പ്രദേശവാസികളെയും റസിഡന്റ്‌സ് കമ്മിറ്റി പ്രതിനിധികളെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും പങ്കെടുപ്പിച്ച് യോഗം വിളിച്ചു ചേർത്തപ്പോൾ ജനുവരിയോടെ തോട്ടിലെ മുഴുവൻ മാലിന്യവും നീക്കം ചെയ്യുമെന്ന് ഉറപ്പ് നൽകിയതായിരുന്നു. പരിഹാരനടപടിയ്ക്ക് ഇനിയും ഒരു നീക്കവുമില്ലെന്നു വന്നതോടെയാണ് ക്ഷമ കെട്ട് യൂത്ത് ലീഗ് പ്രവർത്തകർ സംഘടിച്ച് ഉപരോധത്തിന് മുതിർന്നത്. പന്നിയങ്കര സബ് ഇൻസ്‌പെക്ടർ സജീവൻ ഇടപെട്ടതോടെ ഹെൽത്ത് ഇൻസ്പെക്ടർ വിവരമറിയിച്ചതോടെ കോർപ്പറേഷൻ ഉന്നതോദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന്, മാലിന്യം നീക്കം ചെയ്യാൻ അടിയന്തരനടപടി സ്വീകരിക്കുമെന്ന് പ്രദേശവാസികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും യോഗത്തിൽ അധികൃതർ രേഖാമൂലം ഉറപ്പ് നൽകുകയായിരുന്നു.

സമരത്തിന് പയ്യാനക്കൽ മുസ്‌ലിം യൂത്ത് ലീഗ്‌ നേതാക്കളായ പി.വി.ഷംസുദ്ദീൻ, കെ.മുഹമ്മദ് ഹാരിസ്, എൻ.പി.സാജിദ് റഹ്‌മാൻ, കെ.കെ.ഹാരിസ്, പി.വി.അബ്ദുള്ളക്കോയ, സി.പി.നജീബ്, വി.പി.റമീസ്, വി.മുഹമ്മദ് റിയാസ്, കെ.പി.മുഹമ്മദ് സർജാൻ, എം.മുഹമ്മദ് റിഫാൻ, കെ.ടി.ഷംബ്‌റൂദ്, നസീർ പട്ടതോടി എന്നിവർ നേതൃത്വം നൽകി.