kunnamangalam-news

കുന്ദമംഗലം: ചുട്ടുപൊള്ളുന്ന വേനലിലും താളിക്കുണ്ടിന് ഭാവമാറ്റമില്ല. തെളിനീരുറവയുടെ അനുഗ്രഹത്തിന് ഒട്ടും കുറവില്ല. മുപ്പത് മീറ്ററോളം വിസ്തൃതിയുള്ള ഈ പ്രകൃതിദത്ത ജലാശയത്തിൽ ഏതുകാലത്തുമുണ്ടാവും തെളി‌ഞ്ഞ വെള്ളം.

കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ വടക്കേ അതിർത്തിയിലൂടെ ഒഴുകുന്ന പൂനൂർ പുഴയിലെ ഏറ്റവും ആഴം കൂടിയ ഭാഗമാണ് താളിക്കുണ്ട്. പൂനൂർ പുഴ പൊതുവെ ഏപ്രിൽ, മേയ് മാസങ്ങളിൽ ഒഴുക്ക് നിലച്ച് വരണ്ടുണങ്ങുമെങ്കിലും ആഴം തിട്ടപ്പെടുത്താത്ത താളിക്കുണ്ട് ഒരിക്കലും വറ്റാറില്ല.

കുന്ദമംഗലം അങ്ങാടിയിൽ നിന്ന് കോരങ്കണ്ടി ലക്ഷം വീട് റോഡിൽ ഒരു കിലോമീറ്റർ അകലെയാണ് താളിക്കുണ്ടിന്റെ സ്ഥാനം. ഇവിടം എപ്പോഴെങ്കിലും വറ്റിയതായി പഴമക്കാരുടെ ഓർമ്മയിലില്ല.

താളിക്കുണ്ടിന്റെ മുകൾഭാഗത്തായി പൂനൂർ പുഴയ്ക്ക് കുറുകെ ഒരു തടയണ പോലെ വലിയൊരു പാറയുള്ളതാണ് ഇതിന്റെ സവിശേഷത. അതുകൊണ്ടു തന്നെ മഹാപ്രളയം വന്നാലും ഈ കയത്തിൽ മണ്ണ് വന്നടിയില്ല. ജപ്പാൻ കുടിവെള്ളപദ്ധതി നിലവിൽ വന്നതോടെ താളിക്കുണ്ടിൽ വസ്ത്രം അലക്കുവാൻ വരുന്നവരുടെ എണ്ണം പൊതുവെ കുറഞ്ഞിട്ടുണ്ട്. അപ്പോഴും പുഴയോരത്തെ ഒട്ടനവധി കുടുംബങ്ങൾ കുടിക്കുവാനും കുളിക്കാനും വസ്ത്രങ്ങൾ അലക്കാനുമെല്ലാം താളിക്കുണ്ടിനെയാണ് ആശ്രയിക്കുന്നത്. ഇരുപത് വർഷം മുമ്പ് വരെ ഇവിടെ ഏതു സമയത്തും അലക്കുകാരുടെ തിരക്കായിരുന്നു. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകമെന്നോണം കടവും അലക്കാൻ പാറകളുമുണ്ട് ഇവിടെ. പഴയ കാലത്ത് താളിക്കുണ്ടിന് മുകളിലും താഴെയും വിശാലമായ മണൽതിട്ടകളുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ കാൽപന്ത് കളിക്കാരുടെ ബഹളമായിരുന്നു ഇവിടെ. ഓരോ മഴക്കാലം കഴിയുന്തോറും ക്രമേണ മണൽഗ്രൗണ്ടുകൾ അപ്രത്യക്ഷമാവുകയായിരുന്നു.

പേടിപ്പെടുത്തുന്ന കെട്ടുകഥകളും താളിക്കുണ്ടിനെക്കുറിച്ച് പഴമക്കാർ പറയാറുണ്ട്. പണ്ടു കാലത്ത് രാത്രി താളിക്കുണ്ടിന് സമീപത്തുകൂടി ആരും സ‌ഞ്ചരിക്കാറുണ്ടായിരുന്നില്ലത്രെ. നിബിഢമായ കാടുകളായിരുന്നു ഇവിടെ.

മാഞ്ഞാക്കവ് കുറുമ്പ ഭഗവതി ക്ഷേത്രത്തിലേക്കുള്ള താലപ്പൊലി എഴുന്നള്ളത്ത് താളിക്കുണ്ടിന് സമീപത്തു നിന്നാണ് തുടങ്ങാറുള്ളത്. തുവ്വക്കുന്നത്ത് ഗുരുധർമ്മ ദൈവ കാവിലേക്കുള്ള എഴുന്നള്ളത്തിന്റെ തുടക്കവും ഈ ജലാശയ പരിസരത്ത് നിന്നാണ്.

ഭീഷണിയായി മണ്ണിടിച്ചിൽ

താളിക്കുണ്ട് മലീമസമാക്കുന്നത് തടയാൻ താളിക്കുണ്ട് സംരക്ഷണ സമിതിയും റസിഡന്റ്സ് അസോസിയേഷനുകളും ഇവിടെ സജീവമാണ്. മണ്ണിടിച്ചിലാണ് താളിക്കുണ്ടിന്റെ ഇപ്പോഴത്തെ ഭീഷണി. മണ്ണൊലിപ്പ് തടയാൻ കരയുടെ ഒരു ഭാഗം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഭൂവസ്ത്രം വിരിച്ച് നവീകരിച്ചിരുന്നെങ്കിലും ശാശ്വതപരിഹാരമായിട്ടില്ല.

പഞ്ചായത്തിന് മുഴുവൻ കുടിവെള്ളം നൽകാൻ ശേഷിയുണ്ട് ഈ ജലസ്രോതസ്സിന്. താളിക്കുണ്ട് ഫലപ്രദമായി ഉപയോഗപ്പെടുത്താനും ഇവിടം ജൈവപാർക്കായി സംരക്ഷിക്കാനും ശ്രമമുണ്ടാവണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.