കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിൽ 2018 - 19 വർഷം വിവിധ പദ്ധതികൾ നടപ്പിലാക്കാതെ ഒരു കോടി രൂപയോളം നഷ്ടപ്പെടുത്തിയെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് പഞ്ചായത്ത് ഒാഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. തുക നഷ്ടപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള ഓഡിറ്റിംഗ് റിപ്പോർട്ട് പ്രധാന അജണ്ടയായി ചർച്ച ചെയ്യണമെന്ന യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ഇറങ്ങിപ്പോക്ക്.

വിവിധ മേഖലകളിൽ ചെലവഴിക്കേണ്ട ഫണ്ടുകൾ ആസൂത്രണമില്ലാതെ നീക്കി വയ്‌ക്കുകയും അത് ചെലവഴിക്കാൻ കഴിയാതെ വന്നതുമാണ് ഭീമമായ തുക നഷ്ടപ്പെടാൻ കാരണമായതെന്ന് ലോക്കൽ ഫണ്ട് ഒാഡിറ്റിംഗ് സമിതിയുടെ പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമായതായി യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.

പൊതുവിഭാഗം ഫണ്ടിൽ മാത്രം 34,52,383 ലക്ഷവും പശ്ചാത്തല മേഖലകളിൽ 47 ലക്ഷത്തിലധികം രൂപയും ധനകാര്യ കമ്മിഷന്റെ ഗ്രാന്റ് വകയിൽ എട്ട് ലക്ഷവും പട്ടികജാതി പട്ടിക വർഗത്തിന്റെ ആനുകൂല്യങ്ങളിൽ 9 ലക്ഷവും നഷ്‌ടപ്പെട്ടു. ഭരണസമിതി തീരുമാനമെടുക്കാൻ വൈകുന്നതും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലെ പിഴവുമാണെന്നാണ് പദ്ധതി പമം നഷ്ടപ്പെടാൻ കാരണമായതെന്ന് ഒാഡിറ്റ് സമിതി വ്യക്തമാക്കിയെന്നും യു.ഡി.എഫ് ആരോപിച്ചു.

അംഗീകാരം ലഭിച്ച 102 പദ്ധതികളിൽ 43 മാത്രമാണ് നടപ്പിലാക്കിയത്. പൊതുമരാമത്ത് പ്രവർത്തികൾക്ക് നീക്കിവെച്ച തുകയിൽ മൂന്നിൽ ഒന്ന് മാത്രമാണ് ചെലവഴിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ഇന്നലെ ചേർന്ന ഭരണസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഭരണസമിതി അതിന് തയ്യാറായില്ലെന്നും യു.ഡി.എഫ് അംഗങ്ങളായ ഇ.പി. സാജിദ, റസിയ ഇല്ലത്ത്, യു.വി. ബിന്ദു, എം.എ. സുഫിറ, സി.കെ. കരുണൻ, ടി.ടി. ഹലീമ എന്നിവർ പറഞ്ഞു.