കോഴിക്കോട്: വേനൽ മഴ കിട്ടാക്കനിയായതോടെ കൊടും ചൂടിൽ വെന്തു വിയർത്ത് ഉലയുകയാണ് നഗരം. ഫെബ്രുവരിയിൽ താപനില ഉയർന്നതും നാട്ടുകാർക്ക് ഇരുട്ടടിയായി. 34 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലത്തെ താപനില. ചിലയിടങ്ങളിൽ ഇതിലും കൂടുതലായിരുന്നു ചൂട്. ഇതുകാരണം സൂര്യാഘാത സാദ്ധ്യതയും വർദ്ധിച്ചു.
ഏപ്രിൽ, മേയ് മാസങ്ങളിലാണ് താപനില വലിയ തോതിൽ കൂടാറുള്ളത്. എന്നാൽ ഇത്തവണ ഫെബ്രുവരിയിൽ തന്നെ ചൂട് കൂടി. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.
പാലിക്കാത്ത നിർദ്ദേശങ്ങൾ
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വെയിലേൽക്കരുതെന്ന നിർദ്ദേശം മിക്കയിടങ്ങളിലും നടപ്പാകുന്നില്ല.
റോഡ്, കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് പൊരി വെയിലത്ത്.
നിർമ്മാണ മേഖലയിലും മറ്റും തൊഴിൽ കുറഞ്ഞതോടെ ചൂടിനെ അവഗണിച്ച് തൊഴിലാളികൾ ജോലിക്കിറങ്ങുന്നു. രാവിലെ പത്ത് മുതൽ കടുത്ത ചൂടാണുള്ളത്.
തൊഴിലാളികൾക്ക് പലപ്പോഴും കുടിവെള്ളത്തിനോ വിശ്രമിക്കുന്നതിനോ സൗകര്യം ലഭിക്കുന്നില്ല,
നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം ശുദ്ധജലം കുടിക്കണം. പഴങ്ങളും മറ്റും കഴിക്കണം.
കുടിവെള്ളം കിട്ടാക്കനി
വേനൽ കടുത്തതോടെ പുഴകളും തോടുകളും കിണറുകളുമെല്ലാം വറ്റിത്തുടങ്ങി. മിക്കയിടങ്ങളിലും കുടിവെള്ളക്ഷാമവും രൂക്ഷമായി. ഒപ്പം വാട്ടർ അതോറിട്ടി കരാറുകാരുടെ സമരവും, അറ്റകുറ്റപ്പണിയും പൈപ്പ് പൊട്ടലുമെല്ലാം കുടിവെള്ള വിതരണം താറുമാറായി.
ജീവജാലങ്ങളാകെ ദുരിത്തിൽ
ചൂട് കൂടിയതോടെ മൃഗങ്ങളും പക്ഷികളും ദുരിതത്തിലായി. പലയിടത്തും കാക്കകളടക്കമുള്ള പക്ഷികളും ചത്ത് വീഴുന്നത് പക്ഷിപ്പി കാരണമാണോ എന്ന ഭീതിയും ജനങ്ങൾക്കുണ്ട്. ചൂട് കാരണം ഇഴജന്തുക്കൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നതും നാട്ടുകാർക്ക് ഭീഷണിയാകുന്നുണ്ട്.
വെയിലിൽ വാടുന്നവർ
നിർമ്മാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പൊലീസുകാർ, മാദ്ധ്യമ പ്രവർത്തകർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥരും തൊഴിലാളികളും, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ.
മേലാപ്പണിഞ്ഞ് വലിയങ്ങാടി
ചൂടിനെ പ്രതിരോധിക്കാൻ വലിയങ്ങാടിയിലെ മേലാപ്പ് വിരിച്ചിട്ടുണ്ട്. അത് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മിഠായിതെരുവ് മേലെ പാളയം ഭാഗങ്ങളിൽ വ്യാപാരികൾ മേലാപ്പൊരുക്കിയിട്ടുണ്ട്. പാളയം മാർക്കറ്റിൽ വലിയ കുടകൾ കൊണ്ടും ഷീറ്റ് വിരിച്ചുമാണ് ചൂടിൽ നിന്ന് തൊഴിലാളികൾ രക്ഷ തേടുന്നത്.