വടകര: കാൽ നൂറ്റാണ്ട് ഗ്രാമപഞ്ചായത്ത് അംഗമായും അഞ്ച് വർഷം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച അഴിയൂർ പഞ്ചായത്ത് ഭരണസമിതി അംഗം കെ. ലീലയെ ഭരണ സമിതി ആദരിച്ചു. പഞ്ചായത്തിന്റെ മൊമന്റോ പ്രസിഡന്റ് വി.പി. ജയൻ നൽകി, വൈസ് പ്രസിഡന്റ് ഷീബ അനിൽ പൊന്നാട അണിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
1979 ൽ സ്വതന്ത്രയായാണ് കെ. ലീല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് സോഷ്യലിസ്റ്റ് ചേരിയിൽ ചേർന്ന് തുടർച്ചയായി 8,10,11,12, എന്നീ വാർഡുകളിൽ നിന്ന് ജനപ്രതിനിധിയായി. നിലവിൽ പന്ത്രണ്ടാം വാർഡംഗമാണ്.
കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വയനാട്ടിൽ നടന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തിൽ കെ. ലീലയെ സംസ്ഥാന സർക്കാർ അനുമോദിച്ചിരുന്നു. കൊറോണ നിയന്ത്രണമുള്ളതിനാൽ ലളിതമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.