youth-congress

കോഴിക്കോട്: നഗരം കൊറോണ, പക്ഷിപ്പനി ഭീതിയിലമർന്നതിനിടെ കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് ഉൾപ്പെടെ ആറ് സി.പി.എം കൗൺസിലർമാർ വിദേശയാത്രയ്ക്ക് തിരിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. യൂത്ത് കോൺഗ്രസും ബി.ജെ.പി യും പ്രക്ഷോഭവുമായി രംഗത്തെത്തി.

പക്ഷിപ്പനിബാധിത പ്രദേശമായ വേങ്ങേരി ഉൾപ്പെടുന്ന പൂളക്കടവ് ഡിവിഷന്റെ കൗൺസിലർ പി. ബിജുലാലും യാത്രാസംഘത്തിലുണ്ട്. ആറു ഭരണപക്ഷ കൗൺസിലർമാർ ദുബായിൽ വിനോദയാത്രയ്ക്ക് പോയത് സ്പോൺസർഷിപ്പിലൂടെയാണെന്ന് യു.ഡി.എഫ് കൗൺസിലർ മുഹമ്മദ് ഷമീൽ കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിൽ ആരോപണം ഉന്നയിച്ചിരുന്നു.

യാത്രാസംഘത്തിലുള്ള മറ്റു നാലു പേർ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.രാധാകൃഷ്ണൻ, മുല്ലവീട്ടിൽ മൊയ്തീൻ കോയ, വി.ടി. സത്യൻ, എം.പി. സുരേഷ് എന്നിവരാണ്.

 അപവാദപ്രചരണം മാത്രം :

കെ.വി. ബാബുരാജ്

സാമൂഹിക ക്ഷേമ - ആരോഗ്യ - വികസന പ്രവർത്തനങ്ങളിൽ കേരളത്തിന് മാതൃകയായ കോഴിക്കോട് കോർപ്പറേഷൻ ഭരണസമിതിയെ മറ്റൊന്നും പറഞ്ഞ് എതിർക്കാനില്ലാത്തതുകൊണ്ട് പ്രതിപക്ഷത്തെ ചിലർ തങ്ങളുടെ ദുബായ് യാത്രയെച്ചൊല്ലി തെറ്റായ അപവാദ പ്രചാരണങ്ങൾ അഴിച്ചുവിട്ടിരിക്കുന്നതെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി.ബാബുരാജ് പറഞ്ഞു.
നിരവധി സുഹൃത്തുക്കളും ഉറ്റ ബന്ധുക്കളും ക്ഷണിച്ചതനുസരിച്ച് ഒരു മാസം മുമ്പാണ് ദുബായ് യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. മേയറുടെയും മറ്റു ഉത്തരവാദപ്പെട്ടവരുടെയും അനുവാദവും നേരെത്തെ വാങ്ങിയിരുന്നു. ചെയർമാൻമാർക്കും കൗൺസിലർമാർക്കും എക്‌സിക്യൂട്ടിവ് അധികാരം ഇല്ലാത്തതിനാൽ മേയറുടെ അനുമതി മാത്രം വാങ്ങിയാൽ മതി.

യാത്ര തിരിച്ച ശേഷമാണ് പക്ഷിപ്പനി റിപ്പോട്ട് ചെയ്തത്. മാതൃകാപരമായി നിപ്പയെ പ്രതിരോധിച്ചതു പോലെ ഹെൽത്ത് കമ്മറ്റിയും ഹെൽത്ത് ജീവനക്കാരും ചേർന്ന് എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും നിർവഹിച്ചിട്ടുണ്ട്.

കൊറോണ രോഗം ഏറെ ബാധിക്കാത്ത ദുബായ് നഗരത്തിലെ ആരോഗ്യ സംവിധാനങ്ങൾ മാർക്കറ്റുകൾ എന്നിവ നേരിട്ടുകണ്ടു മനസ്സിലാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ചിട്ടുള്ള യാത്രകൾക്ക് മാത്രമേ കൗൺസിലിന്റെ പ്രത്യേക അനുമതി ആവശ്യമുള്ളൂ.

.