youth-congress

കോഴിക്കോട്: കൊറോണയ്ക്കും പക്ഷിപ്പനിയ്ക്കുമെതിരെയുള്ള പ്രതിരോധയജ്ഞത്തിന് നേതൃത്വം നൽകേണ്ടവരുടെ ദുബായ് യാത്ര ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷൻ മേയറുടെ ഓഫീസ് ഉപരോധിച്ചു.

ഇന്നലെ രാവിലെ 11 മണിയോടെ പ്രകടനമായി എത്തുകയായിരുന്നു പ്രക്ഷോഭകർ. ഒരു മണിക്കൂറോളം ചേംബറിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു.

കൊറോണ വൈറസ് വ്യാപനം തടയാൻ സംസ്ഥാനം ഒന്നടങ്കം ജാഗ്രത പാലിക്കുമ്പോൾ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനടക്കം വിദേശയാത്രയ്ക്ക് തിരിച്ചത് അപഹാസ്യമാണെന്ന് അവർ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷെഹിൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.പി. ദുൽഖിഫിൽ, ഒ.ശരണ്യ, കോർപ്പറേഷൻ കൗൺസിലർ സുധാമണി എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. ബവീഷ്, വൈശാഖ് , ലബീബ്, സെക്രട്ടറിമാരായ ശ്രീയേഷ് ചെലവൂർ, ജവഹർ പൂമംഗലം, സബിൻരാജ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.