hen-killed

ചേളന്നൂർ: കല്ലുപുറത്തുതാഴം കുനിയിൽ സുജന സതീഷിന്റെ വീട്ടിലെ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്ത നിലയിൽ. കൂടുപൊളിച്ച് തെരുവുനായ്ക്കൾ ആക്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

കൂട്ടിലുണ്ടായിരുന്ന 46 കോഴികളിൽ 14 എണ്ണമാണ് ചത്തത്. കൂടിന്റെ അരിക് പൊളിച്ച നിലയിലാണ്. 10 എണ്ണത്തെ കൂട്ടിൽ തന്നെ ചത്തിരുന്നു. മറ്റു നാലെണ്ണത്തെ പറമ്പിൽ കടിച്ച് മുറിച്ചിട്ട നിലയിലാണ് കണ്ടത്. ഇവയെ കുഴിച്ചിടുന്നതിൽ നാട്ടുകാർ ആശങ്ക അറിയിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ കെ.എം സരള ഇടപെട്ട് ചേളന്നൂർ മൃഗാശുപത്രി അധികൃതരുടെ അനുവാദത്തോടെ കോഴികളെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രദേശത്ത് രവീന്ദ്രന്റെ വീട്ടിലെ 24 കോഴികളെയും കൊന്നിട്ട നിലയിൽ കണ്ടിരുന്നു. സ്ഥലത്തെത്തിയ ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം പ്രാഥമിക പരിശോധന നടത്തി. ചവിട്ടടയാളം ലഭിക്കാത്തതിനാൽ ഉറച്ച നിഗമനത്തിൽ എത്താനായില്ല. കൊന്നിട്ട ലക്ഷണപ്രകാരം തെരുവ് നായ്ക്കൾ കൂട്ടത്തോടെ വലിച്ചിട്ട് ആക്രമിച്ചതാവാനാണ് സാദ്ധ്യതയെന്ന് അവർ പറഞ്ഞു. കാല്പാദ അടയാളങ്ങൾ ശേഖരിക്കാൻ സ്ഥലം നനച്ചിടാൻ ഫോറസ്റ്റ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.