മുക്കം: ഒടുവിൽ വ്യാപകപ്രതിഷേധത്തിന് ഫലമുണ്ടായി. കൂമ്പാറ ആനക്കല്ലുംപാറയിലെ ക്വാറിയുടെ പ്രവർത്തനം നിറുത്താൻ നിർദേശം. ക്വാറി പ്രവർത്തനം നിറുത്തണമെന്നാവശ്യപെട്ട് കുടരഞ്ഞി വില്ലേജ് ഓഫീസറാണ് കോഴിക്കോടു ജില്ലാ കളക്ടർക്കു റിപ്പോർട്ടു നൽകിയത്.
കൂമ്പാറ ട്രൈബൽ സ്കൂൾ അധികൃതരും സ്കൂൾപി ടി എ യും നാട്ടുകാരും ക്വാറിക്കെതിരെ പരാതി ഉയർത്തിയിരുന്നു. ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് ക്വാറി ഭീഷണി ഉയർത്തുന്ന കാര്യംകേരള കൗമുദി അടക്കമുള്ള മദ്ധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തിരുന്നു. ക്വാറിയിൽ നിന്നു നീക്കംചെയ്ത മേൽമണ്ണും അവശിഷ്ടങ്ങളും പരിസരത്ത് കുന്നുകൂടി കിടക്കുന്നതും സമീപമുള്ള പുഴയിലേയ്ക്ക് ഒഴുകിയേക്കാവുന്ന നിലയിൽ കിടക്കുന്നതും വില്ലേജ് ഓഫീസറുടെ പരിശോധനയിൽ കണ്ടെത്തി. ഇത് ക്വാറിക്ക് സമീപമുള്ള ആനക്കല്ലുംപാറ പുഴയിലേയ്ക്കും അതിൽനിന്ന് കൂമ്പാറ പുഴയിലേയ്ക്കും അതുവഴി ഇരുവഞ്ഞി പുഴയിലേയ്ക്കും ഒഴുകിയെത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വെള്ളം ഉപയോഗിക്കുന്നവർക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നതായി നാട്ടുകാരും പറയുന്നു. ആനക്കല്ലുംപാറ, കൂമ്പാറ, കൂട്ടക്കര പ്രദേശങ്ങളിലെ അനവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സുകളാണ് ക്വാറിമാലിന്യം വന്നടിയുന്നതിനാൽ മലിനമാവുന്നത്.
വേനലായതോടെ പുഴയിൽ നീരൊഴുക്ക് കുറഞ്ഞിട്ടുമുണ്ട്. മുണ്ടമല ജലനിധി പദ്ധതി കൂമ്പാറ പുഴയിലാണ്.ഇതിനടുത്തുള്ള തടയണയിൽ മണ്ണും അവശിഷ്ടങ്ങളും അടിഞ്ഞുകൂടി വെള്ളം മലിനമായതായി കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ട്രൈബൽ സ്കൂളിനു പുറമെ കൂമ്പാറ മസ്ജിദും മദ്രസയും സ്ഥിതിചെയ്യുന്നത് ഈ ക്വാറിയുടെ താഴ്ഭാഗത്താണ്.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ആനക്കല്ലുംപാറയിലെ വലിയ കുന്നുകൾ ഇടിച്ചുനിരത്തുന്നത് മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും വഴിയൊരുക്കും. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് ക്വാറിയുടെ പ്രവർത്തനം താത്‌കാലികമായി നിർത്തി വയ്ക്കാനും വിദഗ്ധസംഘം പഠനം നടത്തി ക്വാറിക്ക് നൽകിയ ഖനനാനുമതി പുനഃപരിശോധിക്കാൻ നടപടി കൈക്കൊള്ളാനും കൂടരഞ്ഞി വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.