നാദാപുരം: രണ്ടോ മൂന്നോ പതിറ്റാണ്ട് പഞ്ചായത്ത് മെമ്പറായിരിക്കുന്നതിൽ അതിശയമില്ലായിരിക്കാം. എന്നാൽ, തുടർച്ചയായി 22 വർഷം പഞ്ചായത്ത് ഉപാദ്ധ്യക്ഷ സ്ഥാനത്തിരുന്ന് ബഡ്‌ജറ്റ് അവതരിപ്പിക്കാനാവുക എന്നത് അപൂർവനേട്ടം തന്നെയായിരിക്കും. നാദാപുരം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയായി 27 വർഷം പിന്നിടുന്ന കോൺഗ്രസ് നേതാവ് സി.വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർക്കാണ് ആ സൗഭാഗ്യം.
ഇക്കാലത്തിനിടയിൽ അഞ്ചു വർഷം വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇല്ലാതെ പോയത് രാഷ്ട്രീയ സമവാക്യങ്ങൾ പെട്ടെന്ന് മാറിയതുകൊണ്ടു മാത്രം. വിജയിച്ചെങ്കിലും ഡി.ഐ.സി പക്ഷത്തായതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനം കൈവിടേണ്ടി വന്നു.
കുമ്മങ്കോട് ഈസ്റ്റ് എൽ പി.സ്കൂൾ റിട്ട. അദ്ധ്യാപകനായ ഇദ്ദേഹം കല്ലാച്ചി സ്വദേശിയാണ്. ഇപ്പോൾ ഡി.സി.സി ജനറൽ സെക്രട്ടറിയായ സി വി 38-ാം വയസ്സിലാണ് ആദ്യമായി നാദാപുരം ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധിയായി എത്തുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം പൊന്നാക്കി ജയിച്ചു കയറി. ഓരോ ഇലക്‌ഷനിലും സി വി യെ പരാജയപ്പെടുത്താൻ എതിരാളികൾ തന്ത്രങ്ങൾ മെനഞ്ഞെങ്കിലും ജനകീയനേതാവ് എന്ന നിലയിൽ തന്നെ ജയം ഉറപ്പാക്കി.
നാദാപുരത്തെ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലകളിലെ നിറസാന്നിദ്ധ്യമായ ഇദ്ദേഹം കെ.എ.പി.ടി.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി, കല്ലാച്ചി ടൗൺ ചുമട്ടു തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) പ്രസിഡന്റ്, പെരുവങ്കര ചകിരി കമ്പനി തൊഴിലാളി യൂണിയൻ പ്രസിഡന്റ്, നാദാപുരം മേഖലാ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പുതിയ സാമ്പത്തിക വർഷത്തേക്ക് 33. 88 കോടി രൂപ വരവും 33. 50 കോടി രൂപ ചെലവും 34.84 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണ് ഇന്നലെ പഞ്ചായത്ത് ഹാളിൽ സി.വി അവതരിപ്പിച്ചത്. തുടർച്ചയായി 22-ാം വർഷത്തെ ബഡ്‌ജറ്റ് അവതരിപ്പിച്ച് നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി.കുഞ്ഞികൃഷ്ണൻ സംസാരിക്കുന്നു