കോഴിക്കോട് : പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലും ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുപക്ഷികളെ കൊന്ന് തീയിട്ടു നശിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയായി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകർമ്മസേന ഇതു വരെ 7,427 പക്ഷികളെയാണ് കൊന്നു തീയിട്ടത്. രോഗവ്യാപനം ഫലപ്രദമായി ചെറുക്കുന്നതിന്റെ ഭാഗമായി പക്ഷിപ്പനി പ്രഭവസ്ഥലങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ്, ഓമനപ്പക്ഷികൾ തുടങ്ങിയവയെ കൊന്നൊടുക്കുകയായിരുന്നു.
കോഴികളുടെ മുട്ട, തീറ്റ തുടങ്ങിയ അനുബന്ധസാമഗ്രികളും കത്തിച്ചിരുന്നു. ദൗത്യത്തിന്റെ അവസാന ദിനമായ ഇന്നലെ 1,351 പക്ഷികളെ കൊല്ലുകയും 1139 മുട്ടകളും 226.55 കിലോഗ്രാം തീറ്റയും നശിപ്പിക്കുകയും ചെയ്തു. തടമ്പാട്ടുതാഴം, മാളിക്കടവ് ഭാഗങ്ങളിൽ തൂവലോടെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന കോഴികളെയും നശിപ്പിച്ചു.
പക്ഷിപ്പനിയുടെ പ്രഭവസ്ഥാനത്തിന് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള സൂക്ഷ്മനിരീക്ഷണ പ്രദേശത്ത് ഇന്നു മുതൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും.
രണ്ടാഴ്ച കൂടുമ്പോൾ പക്ഷിപ്പനി മേഖലയിലെ പക്ഷികളുടെ സാമ്പിൾ ലാബിലേക്ക് അയക്കും. ആറ് സാമ്പിളുകൾ നെഗറ്റീവാണെങ്കിൽ പ്രദേശത്തെ പക്ഷിപ്പനി വിമുക്തമായി പ്രഖ്യാപിക്കും.
അണുനശീകരണ പ്രവർത്തനങ്ങളിൽ ദ്രുതകർമ്മ സേനയുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ സാംബശിവറാവു അഭ്യർത്ഥിച്ചു.