കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തതോടെ ഇറച്ചിക്കോഴി വാങ്ങാൻ ആളില്ല. ഇതോടെ കോഴി കർഷകരും വ്യാപാരികളും ദുരിതത്തിലായി. കോഴി വിലയും കുത്തനെ ഇടിഞ്ഞു. കിലോയ്‌ക്ക് 25 രൂപവരെ ആയെങ്കിലും ആളുകൾ ഇറച്ചി വാങ്ങുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.
കോഴിമുട്ട വില്പനയും പ്രതിസന്ധിയിലായി. അതേസമയം പക്ഷിപ്പനിമൂലം ചാവുകയും കൊല്ലുകയും ചെയ്‌ത കോഴികളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകും. രണ്ട് മാസം പ്രായമായവയ്‌ക്ക് 200 രൂപയും അതിന് താഴെയുള്ളവയ്‌ക്ക് 100 രൂപയും മുട്ടകൾക്ക് അഞ്ച് രൂപ വീതവും നഷ്ടപരിഹാരം നൽകും.
പക്ഷിപ്പനി കണ്ടെത്തിയതോടെ നോൺ വെജിറ്റേറിയൻ ഹോട്ടലുകളിലെ പ്രധാന വിഭവങ്ങളായ ചിക്കൻ ബിരിയാണി, ചിക്കൻ 65, അൽഫാം, ബ്രോസ്റ്റഡ് ചിക്കൻ തുടങ്ങിയ വിഭങ്ങളെല്ലാം ഹോട്ടലുകളിൽ നിന്ന് പടിയിറങ്ങി. ആളുകൾ എത്താത്തതിനാൽ ഹോട്ടലുകളിലും തട്ടുകടകളിലും കച്ചവടം കുറഞ്ഞു. വേങ്ങേരിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കോർപറേഷൻ പരിധിയിലെ കോഴിസ്റ്റാൾ, ഫാമുകൾ, മുട്ട വില്പന കേന്ദ്രങ്ങൾ എന്നിവയുടെ ലൈസൻസ് താത്കാലികമായി സസ്‌പെൻഡ് ചെയ്‌തു.
കോഴി, താറാവ്, കാട എന്നിവയുടെ വില്പനയും അവയെ സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതിനും നിരോധനം ഏർപ്പെടുത്തി. അലങ്കാര വളർത്തുപക്ഷികളുടെ വില്പന സ്റ്റാളുകൾക്കും നിരോധനം ബാധകമാണ്. ഇതിൽ വീഴ്ച വരുത്തുന്ന കടകൾ പൂട്ടി സീൽ ചെയ്യുമെന്നും കോർപറേഷൻ മുന്നറിയിപ്പ് നൽകി.
കോഴി വിലയിടിച്ച് പക്ഷിപ്പനി
വിപണിയിലെ കോഴി വില (കിലോയ്‌ക്ക്) - 25 രൂപ
രണ്ട് മാസം പ്രായമായ കോഴികൾക്കുള്ള നഷ്ടപരിഹാരം - 200 രൂപ
അതിന് താഴെയുള്ളവയ്‌ക്കുള്ള നഷ്ടപരിഹാരം - 100 രൂപ
മുട്ടകൾക്കുള്ള നഷ്ടപരിഹാരം (ഒന്നിന്) - അഞ്ച് രൂപ
ചിക്കൻ ബിരിയാണി, ചിക്കൻ 65, അൽഫാം, ബ്രോസ്റ്റഡ് ചിക്കൻ എന്നിവയ്‌ക്ക് ആവശ്യക്കാരില്ല
കോർപറേഷൻ പരിധിയിലെ കോഴിസ്റ്റാൾ, ഫാമുകൾ, മുട്ട വില്പന കേന്ദ്രങ്ങൾ എന്നിവയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു.
കോഴി, താറാവ്, കാട എന്നിവയുടെ വില്പനയ്‌ക്കും സൂക്ഷിക്കലിനും നിരോധനം
അലങ്കാര വളർത്തുപക്ഷികളുടെ വില്പന സ്റ്റാളുകൾക്കും നിരോധനം