പാലക്കാട്: കുംഭച്ചൂടിൽ തിളയ്ക്കുന്ന ജില്ലയിലെ ചൂട് 40 ഡിഗ്രിയിലെത്തി. വെള്ളിയാഴ്ച മൂണ്ടൂർ ഐ.ആർ.ടി.സി.യിലെ താപമാപിനിയിലാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 25 ഡിഗ്രിയും ആർദ്രത 40 ശതമാനവുമാണ്. പട്ടാമ്പിയിൽ ഉയർന്ന താപനില 37 ഡിഗ്രി. കുറഞ്ഞത് 20.9. ആർദ്രത രാവിലെ 80%. വൈകിട്ട് 30%.
2016ലാണ് ഇതിനുമുമ്പ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 41.9 ഡിഗ്രി. 2015ൽ മലമ്പുഴയിൽ 41.5 ഡിഗ്രി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മാർച്ചിൽ 13 ദിവസം ചൂട് 40ൽ എത്തി. അഞ്ചുദിവസം 41ഉം രേഖപ്പെടുത്തി.
ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തന്നെ പാലക്കാട് ചുട്ടുപൊള്ളുന്ന അവസ്ഥയിലായിരുന്നു, 38 ആയിരുന്നു ശരാശരി താപനില. മാർച്ച് അദ്യ നാലുദിവസം ഒറ്റപ്പെട്ട മഴ ലഭിച്ചത് ചെറിയ ആശ്വാസമായെങ്കിലും പിന്നീട് ചൂട് വീണ്ടും തലപൊക്കി. തുടർച്ചയായി രണ്ടുദിവസം 39.5 ഡിഗ്രി രേഖപ്പെടുത്തിയ ശേഷമാണ് 40ൽ എത്തിയത്.
വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേൽമണ്ണിൽ ഈർപ്പം ഇല്ലാത്തതാണ് ചൂട് കൂടുന്നതിന് കാരണം. വരണ്ട കാറ്റ് വീശുന്നതും കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ വെള്ളം വലിയുന്നതും ചൂട് വർദ്ധിപ്പിക്കുന്നു. ജില്ലയിൽ ഒറ്റപ്പെട്ട രീതിയിൽ ഇടമഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് പാലക്കാട്, പുനലൂർ, കോട്ടയം എന്നിവിടങ്ങളിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് നേരത്തെ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.