കോഴിക്കോട്: ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പുതുതായി 109 പേരെ കൂടി ഇന്നലെ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിലാകെ നിരീക്ഷണത്തിലാക്കിയവരുടെ എണ്ണം 606 ലെത്തി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാലു പേരും ബീച്ച് ആശുപത്രിയിൽ മൂന്നു പേരും ഐസൊലേഷൻ വാർഡിൽ കഴിയുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു ഇന്നലെ ഒരാളെ ഡിസ്ചാർജ്ജ് ചെയ്തു.
ഏഴു പേരുടെ സ്രവ സാമ്പിൾ പരിശോധനാ ഫലം അറിയാനുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ പറഞ്ഞു. 68 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 61 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചത് എല്ലാം നെഗറ്റീവാണ്. ഇന്നലെ നാലു സ്രവ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവരാണ് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ നാലു പേർക്ക് ഇന്നലെ കൗൺസിലിംഗ് നൽകി.
ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ യോഗം ഡി.എം.ഒ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന് ബ്ലോക്ക് തലത്തിൽ തുടരുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെല്പ് ഡെസ്‌ക്ക് സംവിധാനം ഇന്ന് ആരംഭിക്കും. സൂം വീഡിയോ കോൺഫറൻസിംഗിലൂടെ 9 ബ്ലോക്ക് പി.എച്ച്.സി യുടെ പരിധിയിലുള്ള 35 പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്ക് രോഗബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവരുടെയും അവരുമായി സമ്പർക്കത്തിൽ വന്നവരുടെയും ലിസ്റ്റ് തയ്യാറാക്കി നിരീക്ഷണം ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകി. ജില്ലാ, താലൂക്ക്, ജനറൽ ആശുപത്രികളിൽ ട്രയാജ് സംവിധാനം ഏർപ്പെടുത്തിയതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.