coronavirus

കൊടിയത്തൂർ: നാടുനീളെ കൊറോണ ഭീതി രൂക്ഷമാവുമ്പോൾ മക്കളുടെ വിവാഹവും ഗൃഹപ്രവേശവും മറ്റും നിശ്ചയിച്ചവരുടെ തലയിൽ ഉമിത്തീ. ചടങ്ങ് മാറ്റിവെക്കേണ്ടി വരുമോ എന്ന ആധിയിലാണ് മിക്ക കുടുംബങ്ങളും. ഇനി അഥവാ മാറ്റിവെക്കേണ്ടി വന്നില്ലെങ്കിൽ തന്നെ പൊലിമ കുറയുമല്ലോ എന്ന സങ്കടവും.

എല്ലാവർക്കും എത്തിപ്പെടാനുള്ള സൗകര്യം കണക്കിലെടുത്ത് വേനലവധിക്കാലത്ത് നല്ല രീതിയിൽ കല്ല്യാണം നടത്താനുള്ള ഒരുക്കത്തിലായിരുന്നു പലരും. വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധനടപടികൾ ശക്തമാക്കിയതോടെ കല്ല്യാണച്ചടങ്ങുകൾ ഉൾപ്പെടെ ലഘൂകരിക്കണമെന്ന് വന്നപ്പോൾ ധർമ്മസങ്കടത്തിലാവുകയായിരുന്നു നിരവധി വീട്ടുകാർ.

കല്ല്യാണച്ചടങ്ങുകൾക്ക് പയറ്റ് മാതൃകയിൽ പരസ്പരം പണം സഹായിക്കുന്ന രീതി നാട്ടിൻപുറങ്ങളിലെന്ന പോലെ നഗരത്തിലുമുണ്ട് വ്യാപകമായി. ആളുകൾ കൂടുന്നത് ഒഴിവാകുമ്പോൾ സ്വാഭാവികമായും പ്രതീക്ഷിക്കുന്ന തുക കിട്ടാതാവും. പൊന്നും മറ്റും കടമായി വാങ്ങുന്നവർക്ക് തുക മടക്കിക്കൊടുക്കാനാവില്ലെന്ന സ്ഥിതിയാവും അതോടെ.

ബാങ്കിൽ നിന്ന് വായ്പയെടുത്തും കടകളിൽ നിന്ന് അവധി പറഞ്ഞ് സാധനങ്ങൾ എത്തിച്ചും മറ്റും വീട് പണി പൂർത്തിയാക്കിയവരായിരിക്കും സാധാരണക്കാരിൽ നല്ലൊരു പങ്കും. ഗൃഹപ്രവേശച്ചടങ്ങ് കഴിയുന്നതോടെ കൈയിൽ വരുന്ന തുക ഉപയോഗിച്ച് കടം വീട്ടാമെന്ന പ്രതീക്ഷയിലായിരുന്നു അവരൊക്കെയും. ചടങ്ങ് നീട്ടിവെക്കാമെന്നു വെച്ചാൽ എത്രത്തോളം കാക്കേണ്ടിവരുമെന്ന് ഒരു രൂപമില്ലാത്ത അവസ്ഥയാണ്.

കല്ല്യാണത്തിനും ഗൃഹപ്രവേശത്തിനുമൊക്കെ ക്ഷണം പൂർത്തിയാക്കിയിരുന്നു മിക്കവരും. മറുനാടുകളിൽ നിന്ന് വരുന്നവർ വീടുകളിൽ നിരീക്ഷണലാവുമെന്ന് വന്നതോടെ വിദേശങ്ങളിൽ നിന്നു എത്താൻ പറ്റില്ലെന്ന സ്ഥിതിയും വന്നു.