കോഴിക്കോട് : ആഴ്ചകളായി കുടിവെള്ള വിതരണം മുടങ്ങിയ പയ്യാനക്കൽ മേഖലയിൽ ജനം ക്ഷമയുടെ നെല്ലിപ്പലക കണ്ട അവസ്ഥയിൽ. പൊതു ടാപ്പുകളക്കം ആശ്രയിക്കുന്നവർ വെള്ളം കിട്ടാതെ നെട്ടോട്ടത്തിന്റെ ഗതികേടിലാണ്. ജനത്തെ ഇങ്ങനെ പരീക്ഷിച്ചാൽ ഒടുവിൽ പൊട്ടിത്തെറിയായിരിക്കും ഉണ്ടാവുകയെന്ന് സ്ഥലവാസികൾ അമർഷത്തോടെ പറയുന്നു.
പയ്യാനക്കൽ ഭാഗത്ത് ചാമുണ്ടിവളപ്പ്, പുളിക്കൽതൊടി, പടന്ന വളപ്പ്, പട്ടർതൊടി, അറക്കത്താഴ പടന്ന, പണ്ടാരത്തും വളപ്പ്, ഇത്തമ്പറമ്പ്, ഒട്ടിയമ്പലം പറമ്പ്, കോഴിക്കത്തൊടി, താന്നിക്കൽ പറമ്പ്, കപ്പക്കൽ, കോയവളപ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് ആഴ്ചകളായി ഹൗസ് കണക്ഷനിലും കുടിവെള്ളം ലഭിച്ചിട്ട്. ഇവയിൽ ഏറെയും തീരപ്രദേശങ്ങളാണ്. ഇവിടെ കിണറുകളിൽ ഉപ്പുവെള്ളമാണെന്നിരിക്കെ, കുടിക്കാൻ പൂർണമായും ആശ്രയിക്കുന്നത് കോർപ്പറേഷന്റെ പൊതു ടാപ്പിലൂടെ ലഭിക്കുന്ന വെള്ളമാണ്. കിലോമീറ്ററുകളോളം താണ്ടിയാണ് ഇപ്പോൾ സ്ത്രീകളും കുട്ടികളും വെള്ളം കൊണ്ടുവരുന്നത്. നാട്ടുകാർ കൗൺസിലറെ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും നിലവിൽ വെള്ളം എത്തിക്കാൻ കോർപ്പറേഷനിൽ വണ്ടികളില്ലെന്നാണ് പറയുന്നത്. പല തവണ വാട്ടർ അതോററ്റിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടും വ്യക്തമായ മറുപടിയില്ല.
പലപ്പോഴും കേൾക്കുന്നത് പല കാരണങ്ങളാണ്. കുറ്റിക്കാട്ടൂരിലെ പൈപ്പ് പൊട്ടൽ, പമ്പിംഗ് കുറവ്, കരാറുകാരുടെ സമരം എന്നിങ്ങനെ ഓരോരോ കാരണം. ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാൻ കോർപ്പറേഷൻ ഇനിയും വൈകരുതെന്ന ആവശ്യമാണ് നാട്ടുകാരുടേത്.
പ്രശ്നപരിഹാരത്തിന് അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ പയ്യാനക്കൽ പ്രദേശത്തെ മുഴുവൻ സ്ത്രീകളെയും സംഘടിപ്പിച്ച് കോർപ്പറേഷൻ ഓഫീസിലേക്കും വാട്ടർ അതോററ്റിയിലേക്കും മാർച്ച് നടത്താൻ പയ്യാനക്കൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം മുൻ കൗൺസിലറും സൗത്ത് മണ്ഡലം മുസ്ലിം ലീഗ് ട്റഷററുമായ പി.വി. അവറാൻ ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. കെ.എം. റഷീദ്, പി.വി. ഷംസുദ്ദീൻ, എം.പി. സാജിദ് റഹ്മാൻ, സി.പി. നജീബ്, കെ.കെ. ഹാരിസ്, കെ.വി. ഫർഷാദ്, വി.പി. റമീസ്, എൻ.വി. മുനീഷ്, കെ. അബ്ദുൾ റസാക്ക്, കെ.പി. സർജാൻ, എൻ. അബ്ദുൾ മനാഫ്, എം.കെ.ഫൗസാൻ, എം.മുഹമ്മദ് റിഫാൻ, വി. മുഹമ്മദ് റിയാസ്, എം.കെ. ഷഹബാസ്, കെ.പി.ഉസ്മാൻ ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.