കോഴിക്കോട്; കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധത്തിന്റെ ഭാഗമായി മാർച്ച് 31 വരെ വിദ്യാലയങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ ഓൺലൈൻ പഠനപദ്ധതിയുമായി ദയാപുരം സ്‌കൂൾ. ഒന്നാം ക്ലാസ്സ് മുതൽ കുട്ടികൾക്ക് പ്രോഗ്രാമിംഗ് പരിശീലനത്തിനായി സ്‌കൂളിൽ ഉപയോഗിക്കുന്ന സൈബർ സ്‌ക്വയർ ഡിജിറ്റൽ ചാനൽ മുഖേനയാണിത്.
സ്‌കൂളുകൾ അടയ്ക്കാനുള്ള സർക്കാർ അറിയിപ്പ് വരുന്നത് അധ്യയനം കഴിഞ്ഞ് കുട്ടികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴാണ്. പരീക്ഷ ഒഴിവാകുന്നതോടെ ദീർഘകാല അവധിയാവും. കുട്ടികൾ പഠനഭാഗങ്ങൾ റിവൈസ് ചെയ്യുന്നത് ഇല്ലാതാവും. ഈ അവസ്ഥ ഒഴിവാക്കാൻ പഠന വീഡിയോകളും പ്രസക്തലേഖനങ്ങളും വീഡിയോ ക്ലാസ്സുകളും അദ്ധ്യാപകരുടെ കുറിപ്പുകളും ഓൺലൈൻ വഴി ലഭ്യമാക്കും. മാത്രമല്ല, പരീക്ഷകളും പ്രോജക്ടുകളും ഓൺലൈനിലൂടെ നൽകി ഉത്തരക്കടലാസുകൾ പരിശോധിക്കാൻ കൂടി കഴിയുന്ന സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്.
അദ്ധ്യാപകരും കുട്ടികളും തമ്മിലുള്ള ആശയവിനിമയം സാധ്യമാകാൻ ഓരോരുത്തർക്കും പ്രത്യേകം യൂസർ ഐ ഡി യും പാസ്‌വേഡുമുള്ള ഓൺലൈൻ ജാലകം ആവശ്യമുണ്ട്. ഇവിടെയാണ് സൈബർ സ്‌ക്വയറിനായി ഉണ്ടാക്കിയ യൂസർനെയിമും പാസ്‌വേഡുമുപയോഗിച്ച് അടിയന്തിര ഓൺലൈൻ പഠനപദ്ധതി തയാറാക്കാമെന്ന ആശയം ദയാപുരത്തിന്റെ സന്നദ്ധസേവകനായ ഡോ.എൻ.പി. ആഷ്‌ലി മുന്നോട്ടുവെച്ചത്.
ഇതോടെ തങ്ങളുടെ ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ ചില ഓപ്ഷനുകൾ കൂടി ഇന്റഗ്രേറ്റ് ചെയ്തു 'കൊറോണ അടിയന്തിര പഠനപദ്ധതിക്കായി സൈബർ സ്‌ക്വയർ നടത്തിപ്പുകാരായ ബാബ്ട്ര മുന്നോട്ടുവരികയായിരുന്നു. പ്രിൻസിപ്പൽ പി. ജ്യോതിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വീട്ടിൽ ലാപ്‌ടോപ്പും സ്‌മാർട്ട് ഫോണും ഇല്ലാത്തവരെ മനസ്സിലാക്കാനും കെ.സി. ദീപക്കിന്റെ നേതൃത്വത്തിൽ വീഡിയോ മെറ്റീരിയലുകളും ടെസ്റ്റുകളും അധ്യാപകർക്ക് ഓൺലൈൻ ക്ലാസ്സുകൾ നടത്താനുള്ള പരിശീലനവും ഇന്നലെത്തന്നെ ആരംഭിച്ചു.
സന്നദ്ധസേവകർ നടത്തുന്ന ദയാപുരം സ്‌കൂളിൽ ആകെയുള്ള 2000 കുട്ടികളിൽ 202 പേർ അനാഥരോ അഗതികളോ ദരിദ്രപിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരോ ആണ്. അവരിൽ മിക്കവർക്കും ഇന്റർനെറ്റ് ലഭ്യതയില്ല. ഇവർക്ക് പ്രിന്റ്ഔട്ട് എടുത്ത് മെറ്റീരിയലുകൾ എത്തിക്കാനാണ് അധികൃതരുടെ ശ്രമം.
രക്ഷിതാക്കളിൽ 70 ശതമാനവും ഈ സ്‌കീം ഉപയോഗപ്പെടുത്താൻ പോകുന്നത് സ്മാർട്ട് ഫോണുകളിലാണെന്നതിനാൽ ഉത്തരങ്ങളും പ്രൊജക്ടുകളും കടലാസിലെഴുതി ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. പാഠഭാഗങ്ങൾ കൂടാതെ സാമൂഹ്യ ആരോഗ്യ പ്രാധാന്യമുള്ള വീഡിയോകളും വാർത്തകളും കുറിപ്പുകളും ഈ ജാലകം വഴി എത്തിക്കാൻ കഴിയുമെന്ന് മാനേജ്‌മെന്റ് പ്രതിനിധി ഡോ.എം.എം. ബഷീർ പറയുന്നു.