സുൽത്താൻ ബത്തേരി: അണുബാധയെ പ്രതിരോധിക്കാനുപയോഗിക്കുന്ന മാസ്‌കിനും വ്യക്തി ശുചിത്വ ഉപാധികൾക്കും കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന ഔഷധ മൊത്തവിതരണക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് ജില്ലാ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. ആർദ്രം, വയോമിത്രം, മെന്റൽ ഹെൽത്ത് പ്രോഗ്രാം, വിമുക്തി, പെയിൻ ആൻഡ് പാലിയേറ്റീവ് എന്നീ പദ്ധതികളിൽ ഫാർമസിസ്റ്റുകളുടെ സേവനം ഉറപ്പ് വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി പ്രവീൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാർമസി കൗൺസിൽ മെമ്പർമാരായ ഗലീലിയോജോർജ്, ബാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് മംഗളൻ, സെക്രട്ടറി എൽസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സാജിദ് (പ്രസിഡന്റ്), ഹിരോഷി (സെക്രട്ടറി), വസന്തകുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഫോട്ടോ
പ്രൈവറ്റ് ഫാർമസിസ്റ്റ് ജില്ലാ സമ്മേളനം ബത്തേരിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രവീൺ ഉദ്ഘാടനം ചെയ്യുന്നു.
ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി
സുൽത്താൻ ബത്തേരി: ബത്തേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ പനമരം അഞ്ചുകുന്നിൽ പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന ഹോമിയോ മെഡിക്കൽ സംഘം നൂൽപ്പുഴ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് നടത്തി. വള്ളുവാടി കോളനി, കാളിച്ചിറ എന്നിവിടങ്ങളിൽ നടന്ന ക്യാമ്പിൽ കൊറോണയെകുറിച്ച് ബോധവൽക്കരണ ക്ലാസും നടത്തി. ആസക്തി ലഹരി വസ്തുക്കളോടല്ല ജീവിതത്തോടാകണം എന്ന സന്ദേശം ഉയർത്തിയാണ് ക്യാമ്പ് നടത്തിയത്.
വള്ളുവാടിയിൽ നടന്ന ക്യാമ്പ് റോട്ടറി പ്രസിഡന്റ് കെ.പി.രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. ഡോ.സാജൻ പണിക്കർ, വി.വി.സണ്ണി, ഇ.വി.വിനയൻ എന്നിവർ സംസാരിച്ചു. ജില്ലയിൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്താൻ ഡോ.സാജൻ പണിക്കരുമായി ബന്ധപ്പെടാം. ഫോൺ: 9447235615.
വാഴക്കന്നുകളും പണി ആയുധങ്ങളും വിതരണം ചെയ്തു
സുൽത്താൻ ബത്തേരി: പ്രളയത്തിൽ കൃഷി നശിച്ച ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പ്രതിരോധ ശേഷിയുള്ള വാഴക്കന്നുകളും പണി ആയുധങ്ങളും വിതരണം ചെയ്തു.നഗരസഭ ചെയർമാൻ ടി.എൽ.സാബു വിതരണോദ്ഘാടനം നിർവ്വഹിച്ചു.ഡെപ്യുട്ടി ചെയർപേഴ്സൺ ജിഷ ഷാജി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി.കെ.സുമതി, കൗൺസിലർ എൻ.കെ.മാത്യു,സി.ഡി.എസ്. ഉപാദ്ധ്യക്ഷ രാധ സത്യൻ, ലിജി ജോൺസൺ എന്നിവർ സംസാരിച്ചു.