a

കോഴിക്കോട്: കൊറോണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷകൾ മാറ്റി വെക്കാൻ അധികൃതർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി നേതാക്കൾ പരീക്ഷാ കൺട്രോളർക്ക് നിവേദനം നൽകി.

വൈറസ് ബാധ പടരുന്നത് പ്രതിരോധിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയ സർക്കാർ സർവകലാശാലകളിലെ വിദ്യാർത്ഥികളുടെ പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടി കണക്കിലെടുക്കണമായിരുന്നു. കിലോമീറ്ററുകളോളം ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർത്ഥികളിൽ ഏറെ ആശങ്ക നിലനിൽക്കുന്നുണ്ട്. കോളേജുകൾക്ക് അവധി നൽകിയതിനാൽ ഹോസ്റ്റലുകൾ പോലും അടച്ചിരിക്കുകയാണ്. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പരീക്ഷകൾ പ്രാദേശിക കേന്ദ്രങ്ങളിലാണെങ്കിലും സർവകലാശാലകളിലെ വിദ്യാർത്ഥികളിൽ നല്ലൊരു പങ്കും ദൂരദിക്കുകളിൽ നിന്നുള്ളവരാണെന്ന പ്രശ്നം കാണാതെ പോകരുത്. ഇത് കണക്കിലെടുത്ത് പരീക്ഷകൾ മാറ്റണമെന്ന ആവശ്യമാണ് സംഘടനയുടേത്.

എ.ബി.വി.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അമൽ മനോജ് , സെക്രട്ടറി ശ്യാം ശങ്കർ, മലപ്പുറം ജില്ലാ പ്രസിഡന്റ് അനുപമ എന്നിവർ ചേർന്നാണ് പരീക്ഷാ കൺട്രോളർക്ക് നിവേദനം നൽകിയത്.