കോഴിക്കോട്: മാസ്‌ക്കിന് അമിത വില ഈടാക്കുന്നത് സംബന്ധിച്ചും ആവശ്യത്തിന് മാസ്‌ക്കുകൾ ലഭ്യമാവുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലും വടകരയിലെ ഹോൾസെയിൽ സർജിക്കൽ വിൽപന ശാലകളിലും മെഡിക്കൽ ഷോപ്പുകളിലും പരിശോധന നടത്തി. വടകര താലൂക്ക് സപ്ലൈ ഓഫീസറും റേഷനിംഗ് ഇൻസ്‌പെക്ടർമാരും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വീരഞ്ചേരിയിലെ മൂന്ന് മൊത്ത വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന നടത്തിയതിൽ ഒരിടത്ത് മാത്രമേ മാസ്‌ക്ക് സ്റ്റോക്കുള്ളൂവെന്ന് കണ്ടെത്തി. ആവശ്യത്തിന് മാസ്‌ക്ക് ലഭ്യമാക്കാനും അമിത വില ഈടാക്കാതിരിക്കാനും നിലവിലെ സ്റ്റോക്ക് മെഡിക്കൽഷോപ്പുകളിൽ ഉടനെ എത്തിക്കാനും നിർദ്ദേശിച്ചു. ആറു രൂപയ്ക്ക് വിൽപന നടത്തിയിട്ടുള്ള സാധാരണ മാസ്‌കിന് ചില മെഡിക്കൽ ഷോപ്പുകൾ ഇരുപത് രൂപ വരെ ഈടാക്കുന്നതായി കണ്ടെത്തി. മൊത്ത വ്യാപാരികൾ വില കൂട്ടിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു മെഡിക്കൽ ഷോപ്പുടമകളുടെ വിശദീകരണം. നിർമ്മാതാക്കൾ വില കൂട്ടിയതിനാലാണെന്ന് മൊത്ത വ്യാപാരികളും ന്യായവാദം നിരത്തി.
വില കുറയ്ക്കാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അമിത വില ഈടാക്കിയ മെഡിക്കൽ ഷോപ്പുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.