corona-virus

രാമനാട്ടുകര: കൊറോണ സംബന്ധിച്ച് ജില്ലാ കളക്ടറുടേതെന്ന വ്യാജേന ഇന്നലെ രാവിലെ മുതൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ച വാർത്ത രാമനാട്ടുകരയെയും പരിസരപ്രദേശങ്ങളെയും ആശങ്കയിലാക്കി. മാർച്ച് 5ന് ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കൊറോണ രോഗ ബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി രാവിലെ 9.30നും 10നും ഇടയിൽ രാമനാട്ടുകരയിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചെന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്ത. ഈ സമയം ഹോട്ടലിലുണ്ടായിരുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നായിരുന്നു സന്ദേശം.

എന്നാൽ രാമനാട്ടുകര വൈദ്യരങ്ങാടിയിലെ മലബാർ പ്ലാസ ഹോട്ടലിലാണ് കണ്ണൂർ സ്വദേശി എത്തിയതെന്ന് പിന്നീട് സന്ദേശം മാറി വന്നു. രാമനാട്ടുകര റാപ്പിഡ് റെസ്‌പോൺസ് ടീം പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മാർച്ച് 5ന് രാത്രി 12 മുതൽ 12.24നും ഇടയിലാണെത്തിയതെന്ന് കണ്ടെത്തി. ഇവിടത്തെ സി.സി ടിവി പരിശോധിച്ചാണ് സമയവും വ്യക്തിയെയും തിരിച്ചറിഞ്ഞത്. ഈ സമയം ജീവനക്കാരുൾപ്പടെ 26 പേർ ഹോട്ടലിലുണ്ടായിരുന്നതായി കണ്ടെത്തി. മുഴുവൻ ഹോട്ടൽ ജീവനക്കാരും ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.

ഹോട്ടലുകളിലെ പേരിലെ സാമ്യമാണ് ജനങ്ങളെ ആശങ്കയിലാക്കിയത്. കളക്ടറുടെ നിർദ്ദേശ പ്രകാരം രാമനാട്ടുകര നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണൻ, ഹെൽത്ത് ഇൻസ്‌പക്ടർ പി.പി. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ രാമനാട്ടുകര റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലം ശുചീകരിച്ചു. കൂടാതെ ഹോട്ടലിന്റെ പ്രവർത്തനം തത്കാലികമായി നിറുത്തിവയ്‌ക്കാനും ആവശ്യപ്പെട്ടു. അന്നേ ദിവസം രാത്രി 11.45 മുതൽ 12.45 വരെയുള്ള സമയത്ത് ഹോട്ടലിൽ ഉണ്ടായിരുന്നവർ ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0495-2371002, 2371471.