കോഴിക്കോട്: പക്ഷിപ്പനിയ്ക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തുന്നതിനായി ദേശാടന പക്ഷികളുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യുണിക്കബിൾ ഡിസീസസ് അഡ്വൈസർ ഡോ. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം മൃഗസംരക്ഷണ വകുപ്പിന് നിർദ്ദേശം നൽകി. വെസ്റ്റ് കൊടിയത്തൂരിൽ പക്ഷിപ്പനിയ്ക്ക് നിമിത്തമായത് ദേശാടന പക്ഷികൾ തന്നെയാണെന്ന നിഗമനത്തിലാണിത്.
ഈ മേഖലയിൽ ദേശാടന പക്ഷികൾ ഏതെല്ലാം രാജ്യങ്ങളിൽ നിന്നാണ് വരുന്നത്, ഏതെല്ലാം സമയത്താണ് വരുന്നത് , ഏതു വഴിയാണ് എത്തുന്നത്, ഏതെല്ലാം സമയങ്ങളിലാണ് തിരിച്ചു പോകുന്നത് എന്നൊക്കം വിശദമായ പഠനം നടത്താനാണ് നിർദ്ദേശം. റൂട്ട് തയ്യാറാക്കാൻ സാധിച്ചാൽ അതനുസരിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സാധിക്കും.
കോഴിക്കോടിനടുത്ത് കടലുണ്ടിയിലെ പക്ഷി സങ്കേതത്തിൽ സൈബീരിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് വരെ പക്ഷികൾ എത്താറുണ്ട്. ഇവ വരുമ്പോഴും തിരിച്ചുപോകുമ്പോഴും പലയിടങ്ങളിലും തങ്ങാറുമുണ്ട്. വെള്ളം കുടിക്കാനും രാത്രികാല വിശ്രമത്തിനുമായാണ് ഇങ്ങനെ പലയിടങ്ങളും തങ്ങുന്നത്. ഇക്കൂട്ടത്തിനിടയിൽ വൈറസ് ബാധയുള്ള പക്ഷികളുണ്ടെങ്കിൽ സ്വാഭാവികമായും ഇവ തങ്ങുന്ന ഇടങ്ങളിലെ പക്ഷികൾക്കും രോഗം പകരാൻ സാദ്ധ്യത ഏറെയാണ്.
ദേശാടന പക്ഷികൾ വരുമ്പോഴും പോകുമ്പോഴും തങ്ങാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ വെള്ളം ഇടയ്ക്കിടെ പരിശോധിക്കണമെന്ന് കേന്ദ്ര സംഘം നിർദ്ദേശിച്ചിട്ടുണ്ട്. ദേശാടന പക്ഷികൾക്ക് വൈറസ് ബാധിച്ചെങ്കിൽ അവ കുടിക്കുന്ന വെള്ളത്തിലും രോഗാണുക്കൾ കലർന്നിരിക്കും. പരിശോധനയിൽ രോഗാണു കണ്ടെത്തിയാൽ ഉടൻ തന്നെ ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു പക്ഷികളിൽ രോഗപ്രതിരോധ നടപടികൾ ആരംഭിക്കണം. ഇതിന് പുറമെ കിണറുകളിലും ജലാശയങ്ങളിലും അണുനശീകരണ പ്രവർത്തനവും ഏറ്റെടുത്തിരിക്കണം. ഇത്തരത്തിൽ ജാഗ്രത പുലർത്താനായാൽ പക്ഷിപ്പനി പടരുന്നത് തടയാനാവുമെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ.