കോഴിക്കോട്: പക്ഷിപ്പനിയുടെയും കൊറോണയുടെയും ഭീതിയിൽ നഗരവാസികൾ കഴിയുമ്പോൾ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അടക്കമുള്ള കൗൺസിലർമാർ ദുബൈയിൽ ഉല്ലാസയാത്ര പോയതിൽ പ്രതിഷേധിച്ച് യൂത്ത്‌ ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച കോർപ്പറേഷൻ ഓഫീസ് ഉപരോധത്തിനിടയിൽ സംഘർഷം. പൊലീസിന്റെ ലാത്തിവീശലിൽ യൂത്ത് ലീഗ് നേതാവ് ടി.പി.എം ജിഷാന് കണ്ണിന് സാരമായി പരിക്കേറ്റു. സംഘടനാ നേതാക്കളായ ഷഫീക് അരക്കിണർ, സിജിത്ത് ഖാൻ, മൻസൂർ മാങ്കാവ്, ശിഹാബ് നല്ലളം, സുബൈർ വെള്ളിമാട്കുന്ന്, റിഷാദ് പുതിയങ്ങാടി, സിറാജ് കിണാശ്ശേരി തുടങ്ങിയവരെയടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് പ്രവർത്തകർ സംഘടിച്ചെത്തിയത്. കോർപ്പറേഷൻ ഓഫീസിന്റെ രണ്ടു കവാടങ്ങളും പ്രക്ഷോഭകർ ഉപരോധിക്കുകയായിരുന്നു. പത്ത് മണിയോടെ സ്ഥലത്തെത്തിയ അസി. കമ്മിഷണർ എ.ജെ ബാബുവിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രവർത്തകരെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും ഫലിച്ചില്ല. പിന്നീട് സമരക്കാരെ ലാത്തിവീശി ഓടിക്കുകയായിരുന്നു. അതുവരെ ജീവനക്കാർക്കൊന്നും ഓഫീസിലേക്ക് കടക്കാനായില്ല.
മേയർ തോട്ടത്തിൽ രവീന്ദ്രന്റെ ആശീർവാദത്തോടെയാണ് ആരോഗ്യസ്ഥിരം സമിതി ചെയർമാൻ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എന്നിവർ അടങ്ങുന്ന സംഘം ദുബൈയിലേക്ക് പോയതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഞെളിയൻപറമ്പിൽ മാലിന്യസംസ്‌കരണത്തിന് കരാർ ഏറ്റെടുത്ത കമ്പനിയാണ് യാത്ര സ്‌പോൺസർ ചെയ്തതെന്ന ആരോപണം നിലനിൽക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.

ജനാധിപത്യ രീതിയിൽ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയ അതിക്രമം അപലപനീയമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.