കൽപ്പറ്റ: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ജിംനേഷ്യങ്ങൾ, ഹെൽത്ത് ക്ലബുകൾ, നീന്തൽ കുളങ്ങൾ, ടാറ്റൂ വർക്ക് ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവ മാർച്ച് 14 മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പ് പ്രകാരമാണ് ഉത്തരവ്.ഉത്തരവ് നടപ്പിലാക്കുന്നത് ഉറപ്പു വരുത്താൻ ജില്ലാ പൊലീസ് മേധാവി , പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, മുനിസിപ്പൽ സെക്രട്ടറിമാർ എന്നിവർക്ക് നിർദ്ദേശം നൽകി.

ചെക്പോസ്റ്റുകളിൽ പരിശോധന

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി വയനാട് ജില്ലയുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളിൽ വയനാട്ടിലേക്ക് വരുന്ന യാത്രക്കാരെ മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്ക് വിധേയരാക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. മൈസൂർ സുൽത്താൻ ബത്തേരി റോഡിലെ മുത്തങ്ങ ചെക് പോയിന്റിലും മാനന്തവാടി കുടക് റോഡിലെ തോൽപെട്ടി ചെക് പോയിന്റിലുമാണ് മെഡിക്കൽ സംഘത്തെ നിയോഗിക്കുക.