കൽപ്പറ്റ: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വാർഡ് തലത്തിൽ റാപിഡ് റെസ്‌പോൺസ് ടീമുകൾ രൂപീകരിക്കാൻ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ആശ വർക്കർമാർ, ഹരിതകർമ്മ സേന, ജനമൈത്രി പൊലീസ്, കുടുംബശ്രീ തുടങ്ങിയവരെ ഉൾപ്പെടുത്തി രോഗ പ്രതിരോധ ബോധവത്കരണം ശക്തമാക്കും.

75 പേരാണ് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവർക്ക് കൗൺസലിംഗ് ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നൽകിവരുന്നുണ്ട്.
കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച പശ്ചാത്തലത്തിൽ അവിടെയുള്ള വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുവരുടെ എണ്ണം പരമാവധി 70 പേരായി ചുരുക്കുന്നതിന് നിർദേശം നൽകി. കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്തുവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കൊറോണ റിപ്പോർട്ട് ചെയ്ത വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ബന്ധപ്പെടുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്.

ജില്ലയിലെ എൻട്രൻസ് കോച്ചിംഗ് ക്ലാസ്സുകൾ നിർത്തിവെക്കുന്നതിന് നിർദേശം നൽകി. ഇത് ലംഘിക്കുവർക്കെതിരെ നടപടി സ്വീകരിക്കും.

മതപരമായ ചടങ്ങുകളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണം.

നിരീക്ഷണത്തിൽ കഴിയുന്നവരെ ഒറ്റപ്പെടുത്തുകയും, മാനസികമായി തളർത്തുകയും ചെയ്യുവർക്കെതിരെ നടപടി സ്വീകരിക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. പൊതു ഇടപെടൽ ഉണ്ടാവാൻ പാടില്ല.

സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുവർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ പൊലീസിന് നിർദേശം നൽകി.
മുൻകരുതൽ നടപടിയായി പഞ്ചായത്തുകളിൽ സാനിറ്റേഷൻ കാമ്പയിനുകൾ നടത്തും. കാമ്പയിനിന്റെ ഭാഗമായി വീടുകൾ തോറും ബോധവത്കരണവും അടിയന്തിര ഘട്ടങ്ങളിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ട നമ്പറുകളും നൽകും.

കുടുംബശ്രീ വഴി ജില്ലയിൽ 10,000 മാസ്‌ക്കുകൾ നിർമ്മിച്ച് നൽകുന്നതിന് നിർദേശം നൽകി.

മാർച്ച് 16ന് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എം.എൽ.എ മാരുടെ നേതൃത്വത്തിൽ പ്രത്യേക അവലോകന യോഗം ചേരുന്നതിന് ആരോഗ്യ വകുപ്പ് നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തി. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കാനും മന്ത്രി നിർദേശം നൽകി. കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതമായി തുടരും.
യോഗത്തിൽ എം.എൽ.എമാരായ സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, ഐ.സി.ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടർ അദീല അബ്ദുള്ള, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക, ഡെപ്യൂട്ടി കളക്ടർ കെ.അജീഷ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട എല്ലാവിധ നിർദേശങ്ങൾക്കും സംശയങ്ങൾക്കും 04936 204151, 8078409770 എന്ന നമ്പറിലോ ദിശയുടെ 1056 എ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ചടങ്ങുകളിൽ പങ്കാളിത്തം

70ൽ കൂടാൻ പാടില്ല
കൽപ്പറ്റ: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി വിവാഹങ്ങൾ, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾക്ക് ദുരന്ത നിവാരണ നിയമ പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. ചടങ്ങുകൾ മാറ്റിവെക്കാൻ പരമാവധി ശ്രമിക്കണം. മാറ്റിവെക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഒരു കാരണവശാലും 70ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കരുത്. ചടങ്ങുകൾ നടത്തുമ്പോൾ ജില്ലാ അടിയന്തിര കാര്യനിർവ്വഹണ കേന്ദ്രത്തിലെ 1077, 04936204151 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് മുൻകൂർ അനുമതി വാങ്ങണം. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും ഇവ ആരോഗ്യ വകുപ്പ് അധികൃതരെ ഏൽപ്പിക്കേണ്ടതുമാണ്.

വിവാഹം നടക്കുന്ന സ്ഥലത്ത് നിരീക്ഷണം നടത്താൻ റവന്യൂ, പഞ്ചായത്ത്, പൊലീസ് വകുപ്പുകൾക്ക് നിർദേശം നൽകി.

പഞ്ചിംഗ് ഒഴിവാക്കണം

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ടെക്സ്റ്റയിൽ, ആശുപത്രികൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പഞ്ചിംഗ് നിർത്തലാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമ പ്രകാരമാണ് ഉത്തരവ്. മുനിസിപ്പൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ഉത്തരവ് നടപ്പിൽ വരുത്തേണ്ടതാണ്.

ടൂറിസം കേന്ദ്രങ്ങൾ അടച്ചിടും
കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാർച്ച് 15 മുതൽ 18 വരെ അടച്ചിടുമെന്ന് ഡി.ടി.പി.സി അറിയിച്ചു.

സ്റ്റിക്കർ വിതരണം മാറ്റിവെച്ചു.
കൽപ്പറ്റ നഗരസഭയിൽ മാർച്ച് 16 മുതൽ നടത്താൻ തീരുമാനിച്ചിരുന്ന ഓട്ടോറിക്ഷ ഡിജിറ്റൽ സ്റ്റിക്കർ വിതരണം മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

നിരീക്ഷണത്തിൽ 75 പേർ

കർണാടകയിൽ നിന്ന് വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കും

കുടുംബശ്രീ 10,000 മാസ്‌ക്കുകൾ നിർമ്മിക്കും