corona-virus

കോഴിക്കോട്: കൊറോണയുടെ വ്യാപനം തടയുന്നതിന് ആശുപത്രികളിൽ ത്രിതല ട്രിയാജ് സംവിധാനം ആരംഭിച്ചു. പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ പ്രധാന അശുപത്രികളിൽ ത്രിതല ട്രിയാജ് സിസ്റ്റവും പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ദ്വിതല ട്രിയാജ് സിസ്റ്റവും നടപ്പിലാക്കി. കൊറോണ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിന്നെത്തിയ രോഗബാധിതരിൽ നിന്ന് അസുഖം പടരാതിരിക്കാനാണ് പ്രത്യേക സംവിധാനങ്ങളൊരുക്കിയത്.

 പരിശോധനയ്‌ക്ക് മൂന്ന് ഘട്ടം
പ്രധാന ആശുപത്രികളിൽ ട്രിയാജ് പോയിന്റ് - ഏരിയ 1ലാണ് പൊതുവായ ഒ.പി, കാഷ്വാലി​റ്റി സൗകര്യങ്ങളൊരുക്കിയത്. കൊറോണ ലക്ഷണങ്ങളില്ലാത്തവർ ട്രിയാജ് 1 പോയന്റിൽ ബന്ധപ്പെടണം. കൊറോണ ബാധിച്ച സ്ഥലങ്ങളിൽ യാത്ര ചെയ്‌തവരും, രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരും നേരിട്ട് ട്രിയാജ് പോയിന്റ് - ഏരിയ 2 ൽ പോകണം. ട്രിയാജ് 2 വിലെ പരിശോധനയ്‌ക്കു ശേഷം സംശയമുള്ളവരെ വിദഗ്‌ദ്ധ പരിശോധനകൾക്കായി ട്രിയാജ് പോയിന്റ് - ഏരിയ 3 യിലേക്ക് മാറ്റും.

കൊറോണ സ്‌ക്രീനിംഗ് ഐസൊലേഷൻ വാർഡ് ട്രിയാജ് പോയിന്റ് -ഏരിയ 3യിലാണുള്ളത്. വിദഗ്ദ്ധ ഡോക്ടർമാരും നഴ്‌സുമാരുടെയും പരിചരണം ഇവിടെ ലഭിക്കും. രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേഷൻ വാർഡിൽ ചികിത്സിക്കും. ഇല്ലാത്തവരെ വീടുകളിൽ നിരീക്ഷിക്കും.

 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ

ഓരോ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിലെത്തുന്ന സംശയാസ്‌പദമായ കേസുകൾ ട്രിയാജ് 1 ൽ പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവരെ ട്രിയാജ് 2ൽ തുടർ പരിശോധനയ്‌ക്ക് വിധേയരാക്കും. ചികിത്സ ആവശ്യമുള്ളവരെ പ്രത്യേക വാഹനങ്ങളിൽ റഫറൽ ആശുപത്രികളിലേക്ക് മാറ്റും.


 മാർച്ച് അഞ്ചിലെ വിമാന യാത്രക്കാർ ബന്ധപ്പെടണം

മാർച്ച് അഞ്ചിന് സ്‌പൈസ്‌ജെ​റ്റ് വിമാനത്തിൽ SG54 ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ അന്നേ ദിവസം ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് IX 346 ലെ യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ സ്‌പൈസ്‌ജെ​റ്റ് SG54 യാത്രക്കാരോടൊപ്പമാണ് നടന്നത്. അതുകൊണ്ട് തന്നെ എയർ ഇന്ത്യ എക്‌സ്പ്റസ് IX 346ൽ സഞ്ചരിച്ച കോഴിക്കോട്ടെ യാത്രക്കാർ ഉടൻ ജില്ലാ കൺട്രോൾ റൂമുമായി (ഫോൺ: 04952371002, 2371471) നിർബന്ധമായും ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മ​റ്റിടങ്ങളിലെ യാത്രക്കാർ അവരുടെ ജില്ലയിലെ കൺട്രോൾ റൂം നമ്പറിലോ അല്ലെങ്കിൽ ദിശ 04712552056, ടോൾഫ്രീ 1056 നമ്പറിലോ ബന്ധപ്പെടണം.

ഒപ്പമെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് IX 394ലെ (കുവൈ​റ്റ് കോഴിക്കോട്)മുഴുവൻ യാത്രക്കാരും തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ഇവർ 14 ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും ജനസമ്പർക്കം ഒഴിവാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. വിദേശത്തു നിന്നെത്തുന്ന ആളുകൾ നിർബന്ധമായും മ​റ്റുള്ളവരുമായി ഇടപഴകാതെ അവരുടെ വീടുകളിൽ കഴിയണം.

'പൊതുജനങ്ങൾ ആശുപത്രിയിൽ ഒരുക്കിയിരിക്കുന്ന ട്രിയാജ് സിസ്റ്റം കർശനമായി പാലിക്കണം. ഡോക്ടർമാരും, ആരോഗ്യ വകുപ്പ് അധികൃതരും നൽകുന്ന മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം".

- എസ്. സാംബശിവറാവു, ജില്ല കളക്ടർ