pk-firos

കോഴിക്കോട്: സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കോലിയക്കോട് എൻ. കൃഷ്ണൻനായരുടെ സഹോദരന്റെ മകൻ ഡി.എസ്. നീലകണ്ഠനെ ഇൻഫർമേഷൻ കേരള മിഷൻ ഡെപ്യൂട്ടി ഡയറക്ടറായി (ടെക്‌നിക്കൽ) നിയമിച്ചത് ക്രമവിരുദ്ധമായാണെന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് വിംഗ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

നിലവിലില്ലാതിരുന്ന ഡെപ്യൂട്ടി ഡയറക്ടർ (ടെക്‌നിക്കൽ) തസ്തികയിൽ ഒരു ലക്ഷം രൂപ ശമ്പളവും 10 ശതമാനം വാർഷിക ഇൻക്രിമെന്റുമാണ് നീലകണ്ഠന് അനുവദിച്ചത്. സ്ഥാപനത്തിലെ മറ്റ് ജീവനക്കാർക്ക് രണ്ട് ശതമാനം ഇൻക്രിമെന്റ് കൊടുക്കുമ്പോഴാണ് നീലകണ്ഠന് 10 ശതമാനം അനുവദിച്ചത്. കൊറോണയുടെ മറവിൽ റിപ്പോർട്ട് മറച്ച് വച്ച് നീലകണ്ഠനെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അടിയന്തിരമായി നീലകണ്ഠനെ പിരിച്ച് വിടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.