കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.പി.എം നേതാവ് കുഞ്ഞനന്തന് ജാമ്യം നൽകിയതിലൂടെ പിണറായി വിജയനടക്കമുള്ള നേതാക്കൾക്ക് കേസിൽ ബന്ധമുണ്ടെന്ന് തെളിഞ്ഞതായി ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ കുഞ്ഞനന്തൻ എൽ.ഡി.എഫ് അധികാരത്തിൽ വന്നതിന് ശേഷം ജയിലിൽ കിടക്കുന്നതിനേക്കാൾ കൂടുതൽ കാലം പരോളിലും ആശുപത്രിയിലുമാണ് കഴിഞ്ഞത്. സി.പി.എം അനുകൂല പ്രോസിക്യൂട്ടറെ നിയമിച്ചും തട്ടിക്കൂട്ടിയ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും ഹാജരാക്കിയാണ് ജാമ്യം കിട്ടിയത്. എന്നാൽ കോടതി ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആർ.എം.പി.ഐ സെൻട്രൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കെ.എൻ. ഹരിഹരനും പങ്കെടുത്തു.