മഞ്ചേരി: ചൈനീസ് ഉത്പന്നങ്ങളും അസംസ്‌കൃത വസ്തുകളും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന കേരളത്തിലെ വ്യാപാരമേഖലയെയും കൊറോണ ഭീതി പ്രതികൂലമായി ബാധിച്ചു. ചൈനീസ് ഉത്പന്നങ്ങളും നിർമ്മാണ സാമഗ്രികളും വിതരണം ചെയ്യുന്ന കച്ചവടക്കാരും കമ്പനികളും പ്രതിസന്ധിയിലാണ്. മൊബൈൽ ഫോൺ ആക്സസറീസ്, കളിപ്പാട്ടം, ഇലക്ട്രിക്കൽസ് ഉത്പന്നങ്ങൾ, സർജിക്കൽ ഉത്പന്നങ്ങൾ, സ്‌പോർട്സ് ഉപകരണങ്ങൾ, ഫാൻസി, ഫാഷൻ ഉത്പന്നങ്ങൾ തുടങ്ങി എല്ലാറ്റിന്റെയും ഇറക്കുമതി പൂർണ്ണമായും നിലച്ചിട്ടുണ്ട്. നിലവിൽ ആവശ്യത്തിന് സ്റ്റോക്കുള്ള ഉത്പന്നങ്ങൾക്ക് ഉത്പാദന കേന്ദ്രങ്ങളിൽ നിന്നു തന്നെ വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഉപഭോക്താക്കളിലേക്കെത്തുമ്പോൾ ഇരട്ടിയിലേറെ വിലയാവുന്ന സാഹചര്യമാണുള്ളത്. ചില ഉത്പന്നങ്ങൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്. ഡെന്റൽ , സർജിക്കൽ ഉത്പന്നങ്ങളടക്കം ആശുപത്രികളിലേക്കാവശ്യമായ ചില അസംസ്‌കൃത വസ്തുക്കളുടെ നിർമ്മാണവും ഇറക്കുമതിയും നിലച്ചത് ഈ മേഖലയേയും പ്രതിസന്ധിയിലാക്കി. പല നിർമ്മാണ, വിതരണ കമ്പനികളുടെയും പ്രവർത്തനം നിലച്ചത് കാരണം അന്യസംസ്ഥാന തൊഴിലാളികളടക്കം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. കോവിഡ് 19 വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമായാലും ഇറക്കുമതി നടപടികൾ പുനരാരംഭിക്കുന്നത് വൈകാനാണ് സാദ്ധ്യത. ചൈനയിൽ നേരിട്ടു പോയി ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്ന മൊത്തവിതരണക്കാരുടെ വ്യാപാരം പുനരാരംഭിക്കാൻ കൂടുതൽ സമയമെടുക്കും.