മലപ്പുറം: പക്ഷിപ്പനി സ്ഥിരീകരിച്ച പരപ്പനങ്ങാടി പാലത്തിങ്ങലിന്റെ ഒരുകിലോമീറ്റർ പരിധിയിലുള്ള കോഴികളെയും താറാവുകളെയും വളർത്തുപക്ഷികളെയും കൊന്നൊടുക്കാൻ തുടങ്ങി. ആദ്യദിനം പരപ്പനങ്ങാടി നഗരസഭയിലെ 15, 17, 18, 19 വാർഡുകളിലുള്ള 500 പക്ഷികളെയാണ് കൊന്ന് കത്തിച്ചത്.
പരപ്പനങ്ങാടി ചിറമംഗലത്തുള്ള സർക്കാർ തെങ്ങിൻത്തൈ ഉത്പാദന കേന്ദ്രത്തിലെത്തിച്ച് ഡീസലൊഴിച്ചാണ് ഇവയെ നശിപ്പിച്ചത്. കത്തിച്ചയിടം റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ സീൽ ചെയ്‌തു. കോഴികളെയും താറാവുകളെയും കൂട്ടിൽ നിന്ന് തുറന്നുവിടരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇക്കാര്യമറിയിക്കാൻ കൗൺസിലർമാരുടെ സഹായത്തോടെ വാഹനങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തി.
റാപ്പിഡ് റെസ്‌പോൺസ് വിഭാഗത്തിലെ അഞ്ചു പേരടങ്ങുന്ന ഒമ്പത് സംഘങ്ങൾ കോഴികളെ കൊന്നൊടുക്കുന്നതിനും ഒരുസംഘം ചത്ത പക്ഷികളെ സംസ്‌കരിക്കുന്നതിനുമാണ് നേതൃത്വം നൽകിയത്. ഒരുഫാമിലെ കരിങ്കോഴി, വാത്ത, അരയന്നം, പ്രാവ്, അലങ്കാരപ്പക്ഷി എന്നീ വിഭാഗങ്ങളിൽപ്പെടുന്ന നൂറ് എണ്ണത്തെയും ഇന്നലെ കൊന്നു. ഫാമിലെ തീറ്റ, കാഷ്ടം, മുട്ട, തീറ്റപ്പാത്രം എന്നിവയും തീയിട്ടു. ഇതിനുശേഷം ഫാം ഷെഡ് അണുവിമുക്തമാക്കി. പക്ഷികളെ കൊല്ലൽ ഇന്നും നാളെയും തുടരും. മൂന്നിയൂർ, തിരൂരങ്ങാടി പ്രദേശങ്ങളിൽ നാളെ മുതൽ പക്ഷികളെ കൊല്ലാനാണ് തീരുമാനം.