കോഴിക്കോട്: നഗരം കൊറോണ, പക്ഷി പനി ഭീതിയിലായപ്പോൾൾ വിദേശയാത്രയ്‌ക്ക് പോയ കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജടക്കമുള്ള ആറ് സി.പി.എം കൗൺസിർമാർ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇവരെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 14 ദിവസം വീട്ടിൽ നിരീക്ഷിക്കും.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കെ.വി. ബാബുരാജ്, അംഗങ്ങളായ പി. ബിജുലാൽ, മുല്ലവീട്ടിൽ മൊയ്തീൻ, വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ എം.രാധാകൃഷ്ണൻ, മരാമത്ത് കമ്മറ്റി അംഗം എം.പി.സുരേഷ്, ധനകാര്യസമിതി അംഗം വി.ടി.സത്യൻ എന്നിവരാണ് സംഘത്തിലുള്ളത്.
കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാനും പക്ഷിപ്പനിയെ തുടർന്ന് വളർത്തു പക്ഷികളെ കൊന്ന് കത്തിച്ച പൂളക്കടവ് കൗൺസിലർ പി. ബിജുലാലുമടക്കം ആറ് സി.പി.എം കൗൺസിലർമാർ ദുബായിൽ പോയത് വിവാദമായിരുന്നു. ഇതേത്തുടർന്ന് പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. കൊറോണ ഭീതിയെയും പ്രതിഷേധത്തെയും തുടർന്നാണ് 15ന് എത്തേണ്ട കൗൺസിലർമാർ വെള്ളിയാഴ്ച മടങ്ങിയത്.
നാല് ആഴ്ച നിരീക്ഷണം വേണം
വിദേശയാത്ര നടത്തിയ കൗൺസിലർമാർ നാലാഴ്ച നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് യു.ഡി.എഫ് കോർപറേഷൻ കൗൺസിൽ പാർട്ടി അടിയന്തര യോഗം ആവശ്യപ്പെട്ടു. ഗുരുതര പ്രശ്‌നങ്ങളുള്ളപ്പോഴുള്ള യാത്രയിലെ ദുരൂഹത പുറത്ത് കൊണ്ട് വരാൻ സമഗ്ര അന്വേഷണം. പ്രതിപക്ഷ കൗൺസിൽ പാർട്ടി നേതാവ് പി.എം. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സി. അബ്ദുറഹിമാൻ, എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ, പി.എം. നിയാസ്, ഉഷാദേവി, വിദ്യ ബാലകൃഷ്ണൻ, ഒ. ശരണ്യ, സൗഫിയ അനീഷ്, വി. റഹിയ, പ്രമീള ബാലഗോപാൽ, സുധാമണി, നിർമ്മല, ആയിശബി പാണ്ടികശാല, ശ്രീകല, കെ.ടി. ബീരാൻ കോയ, മനക്കൽ ശശി എന്നിവർ സംസാരിച്ചു.
ബഡ്ജറ്റ് പ്രതിസന്ധിയിലോ ?
നഗരസഭ ബഡ്ജറ്റ് ചർച്ചയടക്കം ഈ മാസം പൂർത്തിയാക്കേണ്ട സാഹചര്യത്തിൽ കൗൺസിലർമാരുടെ ഐസൊലേഷൻ കോർപറേഷനെ പ്രതിസന്ധിയിലാക്കും. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനായ കെ.വി. ബാബുരാജ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനായ എം. രാധാകൃഷ്ണൻ എന്നിവരുടെ അഭാവം തിരിച്ചടിയാകും.