കോഴിക്കോട്: കൊറോണ, പക്ഷിപ്പനി ഭീതി തുടരുമ്പോൾ കോഴിക്കോട് കോർപറേഷനിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഉൾപ്പെടെ ആറ് സി.പി.എം കൗൺസിലർമാർ നടത്തിയ ദുബായ് യാത്രയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യാത്ര സ്‌പോൺസർ ചെയ്‌തവരുടെയും കൗൺസിലർമാരുടെയും സാമ്പത്തിക സ്രോതസും ബാങ്ക് ഇടപാടുകളും അന്വേഷിക്കണം.
കോർപറേഷൻ കൗൺസിലോ സ്റ്റാൻഡിംഗ് കമ്മിറ്റിയോ ഔദ്യോഗികമായി ദുബായ് സന്ദർശനത്തിന് ഇവരെ ചുമതലപ്പെടുത്തിയിട്ടില്ല. ആരോഗ്യമേഖലയാകെ ആശങ്കയിലായ സന്ദർഭത്തിൽ നടത്തിയ വിദേശയാത്ര എന്തിന് വണ്ടിയാണെന്ന് മേയർ പൊതുസമൂഹത്തോട് വ്യക്തമാക്കണം. പ്ലാൻഫണ്ട് ചെലവാക്കേണ്ട മാർച്ചിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ വിദേശത്ത് പോയത് ഗൗരവതരമാണ്. ഇതിനെതിരേ പ്രതിഷേധിക്കുന്നവരെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമർത്തനാണ് ശ്രമം.

വാർത്താസമ്മേളനത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. മൊയ്തീൻകോയ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. പ്രവീൺകുമാർ, പി.എം. നിയാസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, കോർപറേഷൻ കൗൺസിലർ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. രാമചന്ദ്രൻ, കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി എൻ.വി. ബാബുരാജ് എന്നിവർ പങ്കെടുത്തു.