കൽപ്പറ്റ: കൊറോണ വൈറസ് ബാധയ്ക്കെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി ക്രിസ്തീയ ആരാധനാലയങ്ങളിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകളിൽ വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. പ്രായമായവർ കുട്ടികൾ എന്നിവരെ പരമാവധി ഒഴിവാക്കണം. ഈ പ്രത്യേക സാഹചര്യത്തെ നേരിടാൻ ജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.


പ്രചാരണം ശരിയല്ല

മാനന്തവാടി: മാനന്തവാടിയിൽ കൊറോണ രോഗബാധിതനായ ആൾ വിവാഹ ചടങ്ങിൽ പങ്കെടുത്തുവെന്ന വാർത്ത തെറ്റാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വാർത്തയിൽ പറയുന്ന വ്യക്തിയെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടുള്ളതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡി.എം.ഒ വൃക്തമാക്കി.


വകാര്യ സ്ഥാപന
മേധാവികളുടെ യോഗം ഇന്ന്

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി 50 ൽ അധികം പേർ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ മേധാവികളുടെ യോഗം ഇന്ന് (ഞായർ) 2 മണിക്ക് കലക്ടറേറ്റിലെ എ.പി.ജെ ഹാളിൽ ചേരും. ടെക്സ്റ്റൈൽസ്, ഷോപ്പിംഗ് മാൾ, ഹോട്ടലുകൾ എന്നിവയിലെ മേധാവികളോ മാനേജർമാരോ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.