സുൽത്താൻ ബത്തേരി : കൊറോണ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരള -കർണാടക അതിർത്തികളിൽ മെഡിക്കൽ സംഘം പരിശോധന കർശനമാക്കി. മുത്തങ്ങ ചെക്ക് പോസ്റ്റിലാണ് ഇന്നലെ മുതൽ എട്ടംഗ മെഡിക്കൽ സംഘം പരിശോധന തുടങ്ങിയത്. പരിശോധനയിൽ നേരിയതോതിൽ പനി പിടിപ്പെട്ട നാല് പേരെ കണ്ടെത്തി. ഇവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും വിവരം ജില്ലയിലെ ആരോഗ്യ വകുപ്പ് മേധാവികൾക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
കർണാടകയിൽനിന്ന് കേരളത്തിലേക്ക് വരുന്ന മുഴുവൻ വാഹനങ്ങളിലെയും യാത്രക്കാരെ മെഡിക്കൽ സംഘം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

കർണാടകയിൽ കൊറോണ ബാധിച്ച് ഒരാൾ മരിച്ചതോടെ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് എത്തുന്ന മുഴുവൻ ആളുകളെയും കർണാടക അതിർത്തിയിൽവെച്ച് കഴിഞ്ഞ ദിവസം മുതൽ കർണാടക മെഡിക്കൽ സംഘം പരിശോധന നടത്തി വരുന്നുണ്ട്.
മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഇന്നലെ ഡോ.ദാഹർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. ശരീരോഷ്മാവ് പരിശോധിച്ച് രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള പ്രാഥമിക പരിശോധനകളാണ് അതിർത്തിയിൽ മെഡിക്കൽ സംഘം ചെയ്യുന്നത്.

കൊറോണ വൈറസ് പടരാതിരിക്കുന്നതിന് വേണ്ട മുൻകരുതൽ നടപടിയെപ്പറ്റി യാത്രക്കാരെ ബോധവാൻമാരാക്കുകയും ചെയ്യുന്നുണ്ട്. പരിശോധന റിപ്പോർട്ട് ഡി.എം.ഒയേയും കൺട്രോൾ സെല്ലിലും അറിയിക്കും.
പരിശോധനയോട് ജനങ്ങൾ പൂർണമായി സഹകരിക്കുന്നുണ്ട്. കർണാടക, തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള മുഴുവൻ വാഹനങ്ങളിലെയും യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. യാത്രക്കാർ സഞ്ചരിച്ച പ്രദേശങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ചോദിച്ചറിയുകയും വിദേശ രാജ്യങ്ങൾ സന്ദർശിച്ചോ എന്ന് പ്രത്യേകം ആരായുകയും ചെയ്യുന്നു.

അതിർത്തി കടന്ന് പോകുന്ന ഓരോ വ്യക്തിയെപ്പറ്റിയുമുള്ള പൂർണ വിവരങ്ങളാണ് മെഡിക്കൽ സംഘം രേഖപ്പെടുത്തുന്നത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന യാത്രക്കാരെ കർണാടക അതിർത്തിയായ മൂലഹള്ള ചെക്ക് പോസ്റ്റ് പരിസരത്ത് വെച്ചാണ് കർണാടക മെഡിക്കൽ സംഘം പരിശോധന നടത്തുന്നത്.
ദേശീയപാത 766-ൽ കേരള അതിർത്തി മുതൽ മഥൂർ വരെയുള്ള 19 കിലോമീറ്റർ രാത്രി 9 മണി മുതൽ പുലർച്ചെ 6 മണി വരെ ഗതാഗത നിരോധനമുള്ളതാണ്. രാത്രി ഒമ്പത് മണിയോടെ അതിർത്തിയിലെ മെഡിക്കൽ സംഘത്തിന്റെ പരിശോധന അവസാനിപ്പിച്ചു. പുലർച്ചെ ആറ് മണി മുതൽ പരിശോധന വീണ്ടും തുടങ്ങും.

ഫോട്ടോ അടിക്കുറിപ്പ്
0010,0011മുത്തങ്ങ ചെക്ക് പോസ്റ്റ് പരിസരത്ത് മെഡിക്കൽ സംഘം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാരെ പരിശോധിക്കുന്നു.