bangaluru

സുൽത്താൻ ബത്തേരി: കൊറോണ വൈറസ് ബാധയെ തുടർന്ന് ഒരാൾ മരിക്കാനിടയായ കർണാടകയിൽ നിന്ന് മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ ബസ്സുകൾ ബംഗളൂരുവിലേക്ക് അയക്കും. യാത്രാസൗകര്യമില്ലാതെ കർണാടകയിൽ എവിടെയെങ്കിലും ഒറ്റപ്പെട്ട് കഴിയുന്നവരുണ്ടെങ്കിൽ അവരെ കേരളത്തിലേക്ക് എത്തിക്കുന്നതിന് സൗകര്യം ഒരുക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈകിട്ടോടെ വിവിധ കോളേജുകളിൽ നിന്നുള്ള കുട്ടികളുമായി മൂന്നു ബസ്സുകൾ ബത്തേരിയിലെത്തിയിരുന്നു. ഇവരെ രാത്രി കോഴിക്കോട്ട് എത്തിച്ചു. പിറകെ മറ്റു രണ്ടു അഡിഷണൽ സർവിസ് കൂടിയുണ്ടായിരുന്നു. ഹോസ്റ്റലുകൾ അടച്ചതോടെ ഭക്ഷണം കിട്ടാതായ സ്ഥലങ്ങളിൽ കെ.എം.സി.സി പ്രവർത്തകർ മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷണമെത്തിച്ചു. സുൽത്താൻ ബത്തേരി, കോഴിക്കോട് ഡിപ്പോകളിൽ നിന്ന് രണ്ടു വീതവും കല്പറ്റ ഡിപ്പോയിൽ നിന്ന് ഒരു ബസുമാണ് അഡിഷണൽ സർവിസായി അയച്ചത്. കോളേജുകാർ ആവശ്യപ്പെടുന്ന സ്ഥലത്ത്‌ പോയി വിദ്യാർത്ഥികളെ ബസ്സിൽ കയറ്റി കൊണ്ടുവരികയായിരുന്നു.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിനഞ്ച് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഹോസ്റ്റലുകൾ കൂടി അടച്ചതോടെ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദ്ദേശപ്രകാരം കൂടുതൽ ബസ്സുകൾ കർണാടകയിലേക്ക് അയക്കുകയായിരുന്നു.

കർണാടകയിൽ വാഹനസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നവരെ നാട്ടിലേക്ക് കയറ്റിവിടാൻ കെ.എസ്.ആർ.ടി.സി യുടെ ബംഗളുരു സ്റ്റേഷനിലെ സ്റ്റാഫ് ഫലപ്രദമായി ഇടപെട്ടു. കണ്ടട്രോളിംഗ് ഇൻസ്‌പെക്ടർ വി.എം.ഷാജി, സ്റ്റേഷൻ ഓഫീസർമാരായ രൻജിത്ത്, ആദംസാരി, മെക്കാനിക്ക് സനീഷ് എന്നിവർ സജീവമായി രംഗത്തുണ്ട്.