വടകര: കൊറോണ ഭീഷണിയെ തുടർന്ന് ദേശീയപാതയിലെ പൂഴിത്തല മുതൽ മുക്കാളി വരെയുള്ള സ്ഥലങ്ങളിലെ തട്ടുകടകളിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും പരിശോധന നടത്തി. വൃത്തിഹീനമായ രണ്ട് തട്ട് കടകളുടെ പ്രവർത്തനം നിറുത്തിച്ചു. താത്കാലിക സംവിധാനം ഏർപ്പെടുത്തി കച്ചവടം നടത്തിയ മൂന്നു കച്ചവടക്കാരെ ഒഴിപ്പിച്ചു.
രാത്രി ധാരാളം ആളുകൾ ഒത്ത് ചേരുന്നത് ഒഴിവാക്കുവാനും ശുചിത്വം ഉറപ്പാക്കാനുമായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം പഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിൽ തട്ടുകടകളുടെ പ്രവർത്തനം രാത്രി എട്ടു വരെ നിജപ്പെടുത്താൻ തീരുമാനിച്ചിരുന്നു.
പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഉഷ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജീവൻ, റീന, കെ.ഫാത്തിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.