കോഴിക്കോട് : പെട്രോളിയം ഉത്പന്നങ്ങൾക്ക് എക്‌സൈസ് തിരുവ മൂന്നു രൂപ വർദ്ധിപ്പിച്ച കേന്ദ്ര നടപടി പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
രാജ്യന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തേയും കുറഞ്ഞ നിരക്കിൽ തുടരുമ്പോഴും വില കുറയ്ക്കുന്നതിന് പകരം വർദ്ധിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ല. കോർപ്പറേറ്റുകളെ സഹായിക്കാനുള്ള സർക്കാരിന്റെ ഈ ഇരുട്ടടി അവശ്യസാധനങ്ങൾ ഉൾപ്പടെയുള്ളവയുടെ വില ഇനിയും കൂട്ടാൻ ഇടയാക്കും. യു.പി.എ സർക്കാരിന്റെ കാലത്ത് ക്രൂഡ് ഓയിൽ വില ബാരലിന് 135 ഡോളർ ആയിരുന്നത് നാലിൽ ഒന്നായി. അന്ന് സബ്‌സിഡി നൽകിയാണ് സർക്കാർ ഇന്ധനവില നിയന്ത്രിച്ചിരുന്നത്. ഇപ്പോൾ സബ്‌സിഡി നൽകുന്നില്ലെന്നു മാത്രമല്ല ഇടയ്ക്കിടയ്ക്ക് എക്‌സൈസ് തിരുവ വർദ്ധിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞ് അമിതലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. സ്വകാര്യ എണ്ണ കമ്പനികൾ കോടികളാണ് അധിക ലാഭം നേടുന്നത്. കേന്ദ്ര സർക്കാരിന് പ്രതിവർഷം 3.50 ലക്ഷം കോടി രൂപ എക്‌സൈസ് നികുതിയിലൂടെ വരുമാനം ലഭിക്കുന്നുണ്ട്. അത് വർദ്ധിപ്പിച്ചു ജനത്തെ കൊള്ളയടിക്കുമ്പോൾ, അധികമായി ലഭിക്കുന്ന നികുതി ഒഴിവാക്കി സംസ്ഥാന സർക്കാർ യു.ഡി.എഫ് കാലത്തെ മാതൃക സ്വീകരിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.