കോഴിക്കോട് : കൊറോണ വ്യാപനം തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കെ സുന്നി വിദ്യാഭ്യാസ ബോർഡ് കുട്ടികൾക്ക് വീട്ടിലിരുന്ന് പഠനം തുടരാനായി ഓൺ ലൈനിൽ ക്‌ളാസ് ആരംഭിക്കുന്നു.
ഈ മാസം 21 മുതൽ നോമ്പിന് മുമ്പായി അദ്ധ്യയന വർഷത്തിന്റെ അവസാനം വരെ ഒരു ലക്ഷം വിദ്യാർത്ഥികളിലേക്കു മദ്രസ പാഠങ്ങൾ എത്തിക്കാനാണ് തീരുമാനം.
കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് സുരക്ഷിത പഠനത്തിനുള്ള മാർഗം തുറക്കുകയാണ് സുന്നി വിദ്യാഭ്യാസ ബോർഡെന്ന് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാർ പറഞ്ഞു. സംഘടനയുടെ ഔദ്യോഗിക മാദ്ധ്യമമായ ഇസ്‌ലാമിക് മീഡിയ മിഷന്റെ യൂ ട്യൂബ് ചാനൽ വഴിയായിരിക്കും ഓൺലൈൻ ക്‌ളാസുകൾ എത്തിക്കുക. വിശുദ്ധ ഖുർ ആൻ, ചരിത്രം, ഹദീസ്, കർമശാസ്ത്രം, വിശ്വാസ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് ക്‌ളാസുകൾ നടക്കുക. പല വിദേശ രാജ്യങ്ങളിലും സാധാരണ ജീവിതം സ്തംഭിച്ചതോടെ പ്രവാസി മലയാളികളുടെ കുട്ടികൾക്കും കൂടി ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്ന് കാന്തപുരം പറഞ്ഞു.
ബോർഡ് യോഗത്തിൽ സെക്രട്ടറി പ്രൊഫ.എ.കെ അബ്ദുൽ ഹമീദ് പദ്ധതി അവതരിപ്പിച്ചു. മിക്കവാറും സ്ഥലങ്ങളിൽ ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിലും ചിലയിടങ്ങളിൽ പ്രശ്‌നം നേരിടാമെന്നിരിക്കെ പരീക്ഷകൾക്ക് ഈ ക്ലാസുകൾ പരിഗണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് കൂടി പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ രാവിലെയാവും ക്ലാസുകളുടെ ക്രമീകരണം.