mavoor-road

കോഴിക്കോട്: ഫുട്പാത്തിലൂടെയുള്ള കാൽനടക്കാരുടെ യാത്രയ്‌ക്ക് തടസമുണ്ടാക്കിയുള്ള വാഹന യാത്രയ്‌ക്ക് തടയിട്ട് കോഴിക്കോട് കോർപറേഷൻ പുതിയ നടപ്പാത നിർമ്മിക്കുന്നു. പുതുതായി നിർമ്മിക്കുന്ന മാവൂർ റോഡിലെ നടപ്പാതയിൽ വാഹനങ്ങളുടെ യാത്ര നിയന്ത്രിക്കുന്നതിന് നിരയായി കുറ്റികൾ സ്ഥാപിച്ചു.

മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തും പുതിയ ബസ് സ്റ്റാൻഡ് ജംഗ്ഷനിലുമാണ് വാഹനങ്ങൾക്കുള്ള വിലങ്ങ്. ഈ ഭാഗത്ത് സിഗ്നലും ഗതാഗത തടസവുമുണ്ടാകുമ്പോൾ ഇരുചക്ര വാഹനങ്ങൾ നടപ്പാത കൈയേറുന്നത് പതിവായിരുന്നു. ഇത് കാൽനടയാത്രക്കാർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. പലപ്പോഴും തർക്കങ്ങൾക്ക് പോലും ഇത് കാരണമാകാറുമുണ്ട്.

നടപ്പാത നവീകരണത്തിനൊപ്പം വാഹനങ്ങളുടെ കൈയേറ്റവും നിയന്ത്രിക്കാനാണ് കുറ്റികൾ സ്ഥാപിച്ചത്. പദ്ധതി വിജയിച്ചാൽ കൂടുതൽ ഇടങ്ങളിലേക്ക് ഇത് നടപ്പാക്കും. അന്തർദേശീയ തലത്തിലെ രൂപകല്പന പ്രകാരമാണ് വാഹനങ്ങൾ കയറാതിരിക്കാൻ നടപ്പാതയിൽ കുറ്റികൾ സ്ഥാപിച്ചിട്ടുള്ളത്. പ്രധാന പട്ടണങ്ങളുടെ മാതൃക പിന്തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്.